കൊല്ലം: എഴുപതുകളിലും എണ്‍പതുകളിലും തെക്കൻ കേരളത്തില്‍ മലയാള സംഗീതാസ്വാദകർക്ക് ഒഴിവാക്കപ്പെടാനാകാത്ത ത്രയമാണ് ഇടവ ബഷീർ, കെ.ജി മാർക്കോസ്, ക്രിസ്‌റ്റഫർ എന്നീ മൂന്നു പേരുകൾ. ഇവർ മൂവരും ഗാനമേളകൾ ഉത്സവപ്പറമ്പുകളെ ഹരം കൊള്ളിച്ചിരുന്നു. ഇവരുടെ ഗാനമേളകൾ ലഭ്യമല്ലെങ്കിൽ മാത്രമാണ് മറ്റു ഗാനമേള സംഘങ്ങൾക്ക് തെക്കൻ കേരളത്തിൽ അവസരം ലഭിച്ചിരുന്നത്.
കെ.ജി മാർക്കോസും ക്രിസ്‌റ്റഫറും പിന്നീട് മലയാള സിനിമ സംഗീത ലോകത്തേയ്‌ക്ക് ചേക്കേറി. കെ.ജി മാർക്കോസ് പേരെടുത്ത പാട്ടുകാരനായി. കൊല്ലം സ്വദേശിയായ ക്രിസ്‌റ്റഫർ അറിയപ്പെടുന്ന ഒരു ട്രാക്ക് ഗായകനും. ഇപ്പോഴിതാ ക്രിസ്‌റ്റഫർ തന്‍റെ ജീവിതത്തിൽ സംഭവിച്ച ഒരു നഷ്‌ട സൗഭാഗ്യത്തെ കുറിച്ച് ഇടിവി ഭാരതിനോട് മനസ്സ് തുറക്കുകയാണ്.
എഴുപതുകളിലെ സംഗീത സംവിധായകരുടെ പ്രിയപ്പെട്ട ട്രാക്ക് ഗായകനായിരുന്നു ക്രിസ്‌റ്റഫർ. ക്രിസ്‌റ്റഫർ ട്രാക്ക് പാടിയാൽ പിന്നെ വരുന്ന ഗായകർക്ക് മറ്റൊന്നും ചിന്തിക്കേണ്ട. അതു കേട്ടങ്ങ് പാടിയാൽ മതി. പാട്ടിന്‍റെ ഭാവവും സംഗതിയുമെല്ലാം കിറു കൃത്യം ആയിരിക്കും. ട്രാക്ക് പാടുന്ന ജീവിതത്തിനിടയിൽ ദാസേട്ടന്‍റെ 'തരംഗിണി'യുടെയും ഭാഗമായി.
'അങ്ങനെയിരിക്കെയാണ് ജോൺസൺ മാഷിന്‍റെ സ്‌റ്റുഡിയോയിൽ നിന്നും തന്നെ തേടി ഒരു വിളി എത്തുന്നത്. ജോൺസൺ മാഷ് സംഗീതമൊരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയൊരു ഗാനം പാടാൻ തന്നെ ക്ഷണിച്ചുകൊണ്ടുള്ള വിളിയായിരുന്നു അത്. നേരെ ഒറ്റപ്പാലത്തേയ്‌ക്ക് വിട്ടു. സ്‌റ്റുഡിയോയിലെത്തി. ജോൺസൺ മാഷ്, പാട്ടിന്‍റെ ട്യൂണും ലിറിക്‌സും നൽകി. പതിവു പോലെ ട്രാക്ക് ആലപിക്കാൻ ആകുമെന്നാണ് കരുതിയത്. പക്ഷേ പാട്ട് പാടിക്കഴിഞ്ഞതും ക്രിസ്‌റ്റഫറാണ് ഈ ഗാനം പാടുന്നതെന്ന് ജോൺസൺ മാഷ് അറിയിച്ചു.
അടുത്ത ദിവസം തന്നെ മദ്രാസിലേയ്‌ക്ക് വണ്ടി കയറി. ഒരു ഗാനമെന്ന് കരുതി ചെന്നപ്പോൾ രണ്ട് ഗാനം പാടാനുള്ള അവസരം. സിനിമയുടെ തിരക്കഥാകൃത്ത് ലോഹിതദാസ് ആണ്, സംവിധാനം സുന്ദർദാസും. ദിലീപ് നായകനായ സല്ലാപം എന്ന സിനിമയ്‌ക്ക് വേണ്ടി. ആദ്യ ഗാനം 'ചന്ദനച്ചോലയിൽ'. റെക്കോർഡിംഗ് ആരംഭിച്ചു. ജോൺസൺ മാഷിന്‍റെ സഹായിയായ പ്രശസ്‌ത സംഗീത സംവിധായകൻ രാജാമണിയാണ് ഗാനം റെക്കോർഡ് ചെയ്യുന്നത്. ആദ്യ ഗാനം റെക്കോർഡ് ചെയ്‌ത ശേഷം രണ്ടാമത്തെ ഗാനം പാടാനുള്ള അവസരം ലഭിച്ചു.
'പൊന്നിൽ കുളിച്ചു നിന്നു' എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം. ആ ഗാനം ഒരു ഡ്യൂയറ്റാണ്. ചിത്ര ചേച്ചിയാണ് ഫീമെയിൽ പോർഷൻ പാടുന്നത്. ചിത്ര ചേച്ചിക്ക് വേണ്ടി ആ ഭാഗത്തിന്‍റെ ട്രാക്ക് പാടാനും ഭാഗ്യം ലഭിക്കുന്നു. പിന്നീട് സ്‌റ്റുഡിയോയിലെത്തിയ ചിത്ര ആ ഭാഗം പാടിയ ശേഷം പുറത്തു വന്ന് തന്‍റെ കയ്യിൽ പിടിച്ച്, ക്രിസ്‌റ്റഫർ, താങ്കളുടെ പാട്ട് വളരെ നന്നായിരിക്കുന്നു. താങ്കൾ ട്രാക്ക് പാടിയതിന്‍റെ ഒരു അംശം പോലും മാറ്റാതെയാണ് ഞാനും പാടിയത്. ചിത്രയുടെ വാക്കുകൾ തനിക്ക് വലിയ പ്രചോദനമായി.
ഇനിയൊരു ക്ലാസിക്കൽ ഗാനമാണ് സിനിമയിലുള്ളത്. അന്നേ ദിവസം മറ്റൊരു സിനിമയുടെ റെക്കോർഡിംഗിന്‍റെ ഭാഗമായി ദാസേട്ടൻ അതേ സ്‌റ്റുഡിയോയിലുണ്ട്. ദാസേട്ടൻ സ്‌റ്റുഡിയോയിൽ ഉള്ളതുകൊണ്ട് തന്നെ ചിത്രത്തിലെ ക്ലാസിക്കൽ ഗാനം പാടാൻ ജോൺസൺ മാഷ് ദാസേട്ടനെ ക്ഷണിച്ചു. ഒപ്പം ഒരു വശത്തു നിന്ന തന്നെ നോക്കി ജോൺസൺ മാഷ് ഇങ്ങനെ പറഞ്ഞു. ദാസേട്ടാ, നിങ്ങളുടെ ശിഷ്യന് ഞാനൊരു അവസരം കൊടുത്തു. ദാസേട്ടൻ ഞാന്‍ പാടിയ പാട്ട് കേൾക്കാൻ അകത്തേയ്‌ക്ക് പോയി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.
സിനിമയുടെ നിർമ്മാതാവ് കിരീടം ഉണ്ണിയുടെ വാക്കുകൾ ഇപ്പോഴും എന്‍റെ ചെവിയിൽ മുഴങ്ങുന്നു. "ഈ സിനിമയ്ക്ക് പണം മുടക്കുന്നത് ഞാനാണ്. നിങ്ങൾക്കാർക്കും അവനോട് പറയാൻ സാധിച്ചില്ലെങ്കിൽ എനിക്കത് പറഞ്ഞെ മതിയാകൂ." ഇതിന് മറുപടിയായി ജോൺസൺ മാഷും ലോഹിതദാസും പറഞ്ഞതിങ്ങനെയാണ്, -"ഈ പാപത്തിന്‍റെ കറയിൽ ഞങ്ങൾക്ക് പങ്കില്ല."
ദാസേട്ടൻ എന്‍റെ പാട്ട് തട്ടിയെടുത്തെന്നാരോപിക്കാൻ ഞാൻ ആളല്ല. കെപി ഉദയഭാനു വഴി മാറി കൊടുത്തത് കൊണ്ടാണ് യേശുദാസ് എന്ന ഗായകൻ ജനിച്ചതെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം അന്ന് വഴിമാറി തന്നെങ്കിൽ ക്രിസ്‌റ്റഫർ എന്ന ഗായകൻ ജനിച്ചേനെ. മൂന്നു പാട്ടുകളും താൻ പാടിക്കൊള്ളാം എന്ന ദാസേട്ടന്‍റെ ആവശ്യം നിർമ്മാതാവിന്‍റെ പിന്തുണയോടെ ജോൺസൺ മാഷിന് വഴങ്ങി കൊടുക്കേണ്ടി വന്നു.
പിന്നീട് സല്ലാപം സിനിമയുടെ 125-ാം ദിവസത്തെ ആഘോഷത്തിൽ ജോൺസൺ മാഷിനെ കാണാൻ സാധിച്ചു. അന്ന് എന്‍റെ അമ്മയും ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. എന്‍റെ അമ്മയുടെ കയ്യിൽ പിടിച്ച് ജോൺസൺ മാഷ് തന്ന വാക്ക് ഇങ്ങനെയാണ്. -"ഞാൻ ഇനിയൊരു പടം ചെയ്യുന്നുണ്ടെങ്കിൽ അതിലൊരു പാട്ട് ക്രിസ്‌റ്റഫർ പാടിയിരിക്കും." ലോഹിതദാസും അപ്പോൾ ജോൺസൺ മാഷിനൊപ്പമുണ്ടായിരുന്നു.
ഇരുവരുടെയും സ്വരം ഒന്നുതന്നെ.
അങ്ങനെയാണ് ലോഹി അടുത്ത സംവിധാനം ചെയ്‌ത 'ഭൂത കണ്ണാടി'യിൽ ഒരു ഗാനം ആലപിക്കാൻ തന്നെ ക്ഷണിക്കുന്നത്. അങ്ങനെ ഞാൻ ഒരു സിനിമ പിന്നണി ഗായകനായി. ആരോടും പരാതിയോ ആരോപണമോ ഉന്നയിക്കാനല്ല ഈ തുറന്നു പറച്ചിൽ. എന്‍റെ നഷ്‌ട സൗഭാഗ്യം തുറന്നു പറഞ്ഞതാണ് ഇവിടെ. പിൽക്കാലത്ത് മറ്റൊരു പത്ര മാധ്യമത്തിൽ എന്‍റെ ഈ നഷ്‌ട സൗഭാഗ്യങ്ങളുടെ കഥ അച്ചടിച്ചു വന്നു. യേശുദാസിനെ പേഴ്‌സണലായി അറിയാവുന്ന നിരവധി പേരാണ് അന്ന് തന്നെ വിളിച്ചു ആശ്വസിപ്പിച്ചത്." -ക്രിസ്‌റ്റഫര്‍ പറഞ്ഞു.