മലയാളി പ്രേക്ഷകരുടെ ഇഷ്‌ടതാരം സിജു വിൽസൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'പഞ്ചവത്സര പദ്ധതി' തിയേറ്ററുകളിലേക്ക്. കേരള സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ പി ജി പ്രേംലാൽ ഒരുക്കുന്ന 'പഞ്ചവത്സര പദ്ധതി'യുടെ റിലീസ് തീയതി പുറത്തുവന്നു. ചിത്രം ഏപ്രിൽ 26-ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ഏറെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ ആണ് പഞ്ചവത്സര പദ്ധതി'യുടെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. കിച്ചാപ്പൂസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കെജി അനിൽകുമാർ ആണ് ഈ സിനിമയുടെ നിർമാണം.
അതേസമയം പുതിയ പോസ്റ്റർ പങ്കുവച്ചാണ് 'പഞ്ചവത്സര പദ്ധതി'യുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'കലമ്പാസുര ദർശനം' ഏപ്രിൽ 26 മുതൽ എന്ന് പോസ്റ്ററിൽ കാണാം. സിജു വിൽസണും പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 'കാത്തിരിപ്പ് അവസാനിക്കുന്നു. 'പഞ്ചവത്സരപദ്ധതി' തിയേറ്ററുകളിലേയ്‌ക്ക് എത്തുകയാണ്.
പ്രശസ്‌ത ചലച്ചിത്ര വിതരണ സ്ഥാപനമായ 'ഡ്രീം ബിഗ് ഫിലിംസ് ' മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം വിതരണം ഏറ്റെടുത്തിരിക്കുന്ന സിനിമയെന്നത് സന്തോഷകരം. അപ്പോൾ ...ഏപ്രിൽ 26 മുതൽ തിയേറ്ററുകളിൽ കലമ്പാസുര ദർശനം' എന്നാണ് താരം പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
പുതുമുഖം കൃഷ്ണേന്ദു എ മേനോൻ ആണ് 'പഞ്ചവത്സരപദ്ധതി'യിൽ നായികയായി എത്തുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ പിപി കുഞ്ഞികൃഷ്‌ണനും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. നിഷ സാരംഗ് , ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആൽബിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് കിരൺ ദാസും നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്മാൻ ആണ്.
പ്രൊഡക്ഷൻ കൺട്രോളർ - ബിനു പികെ, കല - ത്യാഗു തവന്നൂർ, മേക്കപ്പ് - രഞ്ജിത് മണലിപ്പറമ്പിൽ, കോസ്റ്റ്യൂംസ് - വീണ സ്യാമന്തക്, സ്റ്റിൽസ് - ജെസ്റ്റിൻ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രജലീഷ്, ആക്ഷൻ - മാഫിയ ശശി, സൗണ്ട് ഡിസൈൻ - ജിതിൻ ജോസഫ്, സൗണ്ട് മിക്‌സിങ് - ഷിനോയ് ജോസഫ്, വിഎഫ്എക്‌സ് - അമൽ, ഷിമോൻ എൻ എക്‌സ്, പോസ്റ്റർ ഡിസൈൻ - ആന്‍റണി സ്റ്റീഫൻ, ഫിനാൻസ് കൺട്രോളർ - ധനേഷ് നടുവല്ലിയിൽ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'ജോസച്ചായൻ' വരുന്നു?; വൻ അപ്ഡേറ്റ് പുറത്തുവിടാൻ 'ടർബോ' ടീം