ശ്വേത മേനോൻ, ഗായത്രി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് 'ബദല്‍ ദി മാനിഫെസ്‌റ്റോ ' (Badal the manifesto). പൊളിറ്റിക്കൽ ത്രില്ലറായി അണിയിച്ചൊരുക്കിയ ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ 5 മുതൽ 'ബദല്‍ ദി മാനിഫെസ്‌റ്റോ' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ജോയ് മാത്യു, സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് മേനോൻ, അനീഷ് ജി മേനോൻ, അനൂപ് അരവിന്ദ്, ഐ എം വിജയൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീതു തോമസും ബദലിൽ ശ്രദ്ധേയമായ വേഷത്തിലുണ്ട്.
ആൾട്ടർനേറ്റ് സിനിമാസിന്‍റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വനമേഖലകളിൽ വളർന്നുവന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണമാണ് 'ബദൽ' വരച്ചുകാട്ടുന്നത്. ഒപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും എതിരെ ശക്തമായ ഒരു താക്കീത് കൂടിയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്.
റെജി പ്രസാദാണ് 'ബദൽ' സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൺ മാക്‌സ് ആണ് എഡിറ്റർ. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ. മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാലാണ് സംഗീതം പകരുന്നത്. മുരുകേശൻ പാടവയലാണ് ഈ ചിത്രത്തിലെ ഗോത്ര ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
Also Read: സായുധ പോരാട്ടത്തിന്‍റെ 'ബദൽ'; ശ്രദ്ധനേടി ട്രെയിലർ
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർമാർ- കെ ടി കൃഷ്‌ണകുമാർ, പി ആർ സുരേഷ്, എം ആർ വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, മേക്കപ്പ്- റോണി വൈറ്റ് ഫെതർ, വസ്‌ത്രാലങ്കാരം- കുമാർ എടപ്പാൾ, പ്രൊഡക്ഷൻ ഡിസൈൻ- ഷജിത്ത് തിക്കോടി, ഹരി കണ്ണൂർ, സംഘട്ടനം- മാഫിയ ശശി, ജാക്കി ജോൺസൺ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, രാജേഷ് എം പി, സൗണ്ട് മിക്‌സിങ്- സനൽ മാത്യു, വിഎഫ്എക്‌സ്- കാളി രാജ് ചെന്നൈ,സ്‌റ്റിൽസ് - സമ്പത്ത് നാരയണൻ, ഡിസൈൻ- കോളിൻസ് ലിയോഫിൽ, സ്‌റ്റുഡിയോ- സൗത്ത് സ്‌റ്റുഡിയോ കൊച്ചി.