നടന്‍ മേഘനാഥന്‍റെ വിയോഗ വാര്‍ത്ത മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. നടന്‍ ബാലന്‍ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാഥന്‍.
മേഘനാഥന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ നടി സീമ ജി നായറും മേഘനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മേഘനാഥന്‍റെ വിയോഗ വാര്‍ത്ത കേട്ടാണ് ഉറക്കം ഉണര്‍ന്നതെന്നും നടന്‍റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നുമാണ് സീമ ജി നായര്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
"ആദരാഞ്ജലികൾ.. ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിട പറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കം ഉണർന്നത്.. വിശ്വസിക്കാൻ പറ്റുന്നില്ല.. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘന്‍റെ കാര്യം സംസാരിച്ചിരുന്നു.. മേഘന്‍റെ കൂടെ വർക്ക് ചെയ്‌ത കാര്യവും മറ്റും.. അത്രയ്‌ക്കും പാവം ആയിരുന്നു.. നടന്‍റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ..
സംസാരിക്കുന്നത് പോലും അത്രക്കും സോഫ്റ്റാണ്.. എന്തു കൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറി വന്നതെന്ന് എനിക്ക് അറിയില്ല.. ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്.. അവിടെ അടുത്താണ് വീടെന്ന്.. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി.. ക്യാൻസർ ആണെന്ന് അറിഞ്ഞിരുന്നു.. അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്ന് വിളിക്കാൻ മടിയായിരുന്നു..
കുറച്ചു നാൾക്ക് മുന്നേ എന്നെ വിളിച്ചിരുന്നു.. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത്.. ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല... ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വരാ എന്താണ് എഴുതേണ്ടത്.. എന്താണ് പറയേണ്ടത്.." -സീമ ജി നായര്‍ കുറിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. 1983ല്‍ പുറത്തിറങ്ങിയ അസ്‌ത്രം എന്ന ചിത്രത്തിലൂടെയാണ് മേഘനാഥന്‍റെ വെള്ളിത്തിരയിലേയ്‌ക്കുള്ള അരങ്ങേറ്റം.
തുടര്‍ന്ന് പഞ്ചാഗ്‌നി, രാജധാനി, ചമയം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി, ഉദ്യാനപാലകന്‍, പ്രായിക്കര പപ്പന്‍, ഈ പുഴയും കടന്ന്, രാഷ്‌ട്രം, ഉല്ലാസപ്പൂങ്കാറ്റ്, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്‌തവം, കുടമാറ്റം തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ മേഘനാഥന്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Also Read: നടൻ മേഘനാഥൻ അന്തരിച്ചു; വിടപറഞ്ഞത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭ