തണുപ്പ് കാലത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മധുരക്കിഴങ്ങ്. പോഷകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ മധുരക്കിഴങ്ങിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും ശരിയായ ധാരണയില്ല. നാരുകൾ, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടിൻ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്‍റി ഓക്‌സിഡന്‍റ്സ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങിൽ കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾ മധുരക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കാറാണ് പതിവ്. ഉയർന്ന ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണമാണെങ്കിലും പ്രമേഹ രോഗികൾ ഇത് പൂർണമായി ഒഴിവാക്കേണ്ടതില്ലെന്ന് പോഷകാഹാര വിദഗ്‌ധ മേഘ പറയുന്നു. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മിതമായ അളവിൽ മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്. എന്നാൽ അമിതഭാരം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയുള്ള പ്രമേഹ രോഗികൾ മധുരക്കിഴങ്ങ് കഴിക്കാൻ പാടില്ലെന്നും മേഘ പറയുന്നു. മധുരക്കിഴങ്ങ് കഴിക്കുന്നത് പലതരം ആരോഗ്യ പ്രശ്‌നങ്ങൾ തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഹൃദ്രോഗം തടയാൻ
നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോൾ കുറക്കുകയും നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കാനും മധുരക്കിഴങ്ങ് സഹായിക്കും.
ദഹനം മെച്ചപ്പെടുത്താൻ
മധുരക്കിഴങ്ങിൽ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താനും ദഹന വ്യവസ്ഥയെ ശുദ്ധീകരിക്കാനും സഹായിക്കും. കൂടാതെ പോഷകങ്ങളെ വേഗത്തിൽ ആഗിരണം ചെയ്യാനും മലബന്ധ പ്രശ്‌നം കുറയ്ക്കാനും ഗുണം ചെയ്യും.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
പൊട്ടാസ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇതുവഴി ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അനുബന്ധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഫലം ചെയ്യും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ഭക്ഷണക്രമത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.
കുടലിന്‍റെ ആരോഗ്യത്തിന്
മധുരക്കിഴങ്ങിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ
ഫൈബർ, ബീറ്റാ കരോട്ടിൻ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കാനും വളരെയധികം സഹായിക്കും.
രോഗപ്രതിരോധ ശേഷി കൂട്ടാൻ
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത് കഴിക്കുന്നത് വളരെയധികം നല്ലതാണ്. അണുബാധ, അസുഖങ്ങൾ എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും മധുരക്കിഴങ്ങ് സഹായിക്കും.
ചർമ്മം സംരക്ഷിക്കാൻ
വിറ്റാമിൻ ഈയുടെ നല്ലൊരു സ്രോതസാണ് മധുരക്കിഴങ്ങ്. ഇത് കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. കൂടാതെ ദോഷകരമായ അൾട്രാ വയലറ്റ് രശ്‌മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും മധുരക്കിഴങ്ങ് ഗുണം ചെയ്യും.
അവലംബം: https://pmc.ncbi.nlm.nih.gov/articles/PMC8038024/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഓർമശക്തി കൂട്ടാനും ചർമ്മം തിളങ്ങാനും, ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്താം