ഡല്‍ഹി: കൈക്കൂലി നൽകിയെന്ന അമേരിക്കന്‍ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകളെ തള്ളി അദാനി ഗ്രൂപ്പ്. കേസ് അടിസ്ഥാനരഹിതമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. സൗരോർജ്ജ കരാര്‍ പദ്ധതിയില്‍ അദാനി ഗ്രൂപ്പ് 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നല്‍കി എന്നതാണ് അമേരിക്കൻ അന്വേഷണ ഏജൻസിയുടെ കണ്ടെത്തല്‍.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി നിക്ഷേപ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ ഏജൻസിയുടെ കുറ്റപത്രം പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. പല സംസ്ഥാനങ്ങളിലായി നടന്ന അഴിമതി കണ്ടെത്താന്‍ അമേരിക്കൻ ഏജൻസി വേണ്ടി വന്നു എന്നത് അപമാനകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അദാനിക്കെതിരെ ഉടൻ സിബിഐ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തുന്നുണ്ട്. അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ തങ്ങളുടെ കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നതെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, യുഎസ് ഭരണകൂടത്തെയും നിക്ഷേപകരേയും തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസ് എടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
യുഎസ് നിക്ഷേപകരിൽ നിന്നും അദാനി ഗ്രീൻ എനർജി 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. 2023 ൽ തുടങ്ങിയ അന്വേഷണത്തിലാണ് അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൗറീഷ്യസ് ആസ്ഥാനമായുള്ള ഉപകമ്പനി വഴി അദാനി അമേരിക്കൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ സൗരോർജ്ജം വാങ്ങാനുള്ള കരാർ സംസ്ഥാന സർക്കാരുകളിൽ നിന്ന് കിട്ടിയെന്ന് കാണിച്ചാണ് അമേരിക്കൻ നിക്ഷേപം സ്വീകരിച്ചത്.
അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയാണ് കേസിലെ ഒന്നാം പ്രതി. അദാനിയുടെ മരുമകനും ഊർജ്ജ കമ്പനി എംഡിയുമായ സാഗർ അദാനി, സിഇഒ വിനീത് ജയിൻ എന്നിവരാണ് രണ്ടു മൂന്നും പ്രതികൾ. അദാനി ഉപകമ്പനിയിൽ നിക്ഷേപം നടത്തിയ കനേഡിയൻ സ്ഥാപനത്തിലെ വിദേശ ഉദ്യോഗസ്ഥനും പ്രതി പട്ടികയിലുണ്ട്.