പാലക്കാട് : വോട്ടിങ് ശതമാനത്തിലെ കണക്ക് വച്ച് കൂട്ടലും കിഴിക്കലും നടത്തി മുന്നണികൾ. 2021 ലെ വോട്ടിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ നാല് ശതമാനത്തിൻ്റെ കുറവ് വന്നിട്ടുണ്ട്.
ഷാഫി പറമ്പിലും മെട്രോമാൻ ശ്രീധരനും ഏറ്റുമുട്ടിയ 21 ലെ തെരഞ്ഞെടുപ്പിൽ 75.44 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 3925 വോട്ടിനായിരുന്നു അന്ന് ഷാഫിയുടെ വിജയം. ഷാഫി 53080 വോട്ട് നേടിയപ്പോൾ ശ്രീധരന് 49155 വോട്ടാണ് കിട്ടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
എൽഡിഎഫിലെ സിപി പ്രമോദ് 35622 വോട്ട് നേടി. പാലക്കാട് നഗരസഭ എൻഡിഎക്ക് 6938 വോട്ടിൻ്റെ ലീഡാണ് നൽകിയത്. മാത്തൂർ, കണ്ണാടി, പിരായിരി എന്നീ പഞ്ചായത്തിലെ മുൻതൂക്കം കൊണ്ട് അതിനെ മറികടന്ന് യുഡിഎഫ് വിജയിക്കുകയായിരുന്നു.
നഗരസഭ പരിധിയിലും പഞ്ചായത്തുകളിലും ഇത്തവണ പോളിങ്ങിൽ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പോളിങ്ങിൽ വന്ന കുറവ് ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രമാണ് ബാധിക്കുക എന്ന് കരുതുക വയ്യ. പാലക്കാട് ഇതുവരെ കാണാത്ത രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ മൂന്ന് കൂട്ടരും നടത്തിയിട്ടും പോളിങ് ശതമാനത്തിൽ വന്ന ഇടിവ് എല്ലാവരെയും ആശങ്കയിൽ ആഴ്ത്തുന്നതാണെന്ന് സ്ഥാനാര്‍ഥികള്‍ പറയുന്നു.
പഞ്ചായത്ത് തിരിച്ചുള്ള പോളിങ് ശതമാനക്കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോളിങ്ങിലെ കുറവ് തങ്ങൾക്ക് അനുകൂലമാണെന്ന് എൻഡിഎ കരുതുന്നതായി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ പറഞ്ഞു. യുഡിഎഫിൻ്റെ ശക്തി കേന്ദ്രമായ പിരായിരി പഞ്ചായത്തുമായി താരതമ്യപ്പെടുത്തുമ്പോൾ നഗരസഭയിൽ മെച്ചപ്പെട്ട പോളിങ് നടന്നിട്ടുണ്ട് എന്നതാണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം.
എന്നാൽ നഗരസഭയിൽ മെച്ചപ്പെട്ട പോളിങ് ഉണ്ടായതിൻ്റെ ഗുണഭോക്താക്കൾ എൻഡിഎ ആണെന്ന വിലയിരുത്തൽ പാളുമെന്നാണ് യുഡിഎഫിൻ്റെ പ്രതീക്ഷ. 2024 പൊതുതെരഞ്ഞെടുപ്പ് ഫലമാണ് ഇതിന് ആധാരം. 2021 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് നഗര പരിധിയിൽ നിന്ന് ലഭിച്ച ലീഡ് 497 ആയി കുറഞ്ഞു.
സി കൃഷ്‌ണകുമാർ തന്നെയായിരുന്നു ലോകസഭ സ്ഥാനാർഥി. കൃഷ്‌ണകുമാർ 29355 വോട്ട് നേടിയപ്പോൾ വികെ ശ്രീകണ്‌ഠന് 28858 വോട്ട് കിട്ടി. എൽഡിഎഫിന് 16356 വോട്ടാണ് നഗരസഭയിൽ നിന്ന് ലഭിച്ചത്. ശ്രീധരന് ലഭിച്ച വോട്ടുകൾ കൃഷ്‌ണകുമാറിന് ലഭിക്കില്ലെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ.
മണ്ഡലത്തിൽ മുപ്പത് ശതമാനത്തോളം വരുന്ന മുസ്ലീം വോട്ട് നിർണായകമാവും. അതിൽ നല്ലൊരു ഭാഗം ഇടത് പക്ഷത്തേക്ക് മാറിയിട്ടുണ്ടെന്നാണ് എൻഡിഎ നേതാക്കൾ പറയുന്നത്.
മികച്ച പ്രചരണം കാഴ്‌ചവച്ച ഇടത് മുന്നണിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. കോൺഗ്രസിലെയും ബിജെപിയിലെയും ആഭ്യന്തര പ്രശ്‌നങ്ങളാണ് പോളിങ് കുറയാൻ കാരണമെന്നും തങ്ങളുടെ വോട്ട് പൂർണമായും പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ സരിൻ മികച്ച പ്രകടനം കാഴ്‌ചവച്ചു എന്നാണ് മുന്നണിയുടെ വിലയിരുത്തൽ.
Also Read: പാലക്കാട്ടെ ഇരട്ട വോട്ട് വിവാദം; ബിജെപി ജില്ലാ പ്രസിഡൻ്റ് വോട്ട് രേഖപ്പെടുത്തിയില്ല