തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചിയാൻ 62' (Vikram starrer Chiyaan 62). 'പനിയാരും പത്മിനിയും', 'സേതുപതി', 'സിന്ദുപദ്', 'ചിത്ത' എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എസ് യു അരുൺ കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ വമ്പൻ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
തമിഴിലെ പ്രശസ്‌ത നടനും സംവിധായകനുമായ എസ് ജെ സൂര്യയും 'ചിയാൻ 62'ൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് (S J Suryah in Vikram's Chiyaan 62). താരത്തെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. അതുല്യ പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ എസ് ജെ സൂര്യയും വിക്രമിനൊപ്പം 'ചിയാൻ 62'ൽ അണിനിരക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്.
ഏത് വേഷം ലഭിച്ചാലും തന്‍റെ തനതായ അഭിനയ പാടവത്തിലൂടെ പ്രേക്ഷകശ്രദ്ധ ആർജിക്കുന്ന എസ് ജെ സൂര്യ അഭിനയ രാക്ഷസൻ എന്ന ഖ്യാതി ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. തന്‍റെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്‌തമായ വേഷത്തിലാകും ഈ ചിത്രത്തിൽ താരം എത്തുക എന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രമും എസ് ജെ സൂര്യയും ഇത് ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിക്കുന്നത്.
അതേസമയം നേരത്തെ പുറത്തുവന്ന ഈ ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം തരംഗം തീർത്തിരുന്നു (Vikram's Chiyaan 62 Announcement Video). ത്രസിപ്പിക്കുന്ന അനൗൺസ്‌മെന്‍റ് വീഡിയോ പുറത്തുവിട്ടാണ് നിർമ്മാതാക്കൾ വിക്രത്തിന്‍റെ കരിയറിലെ 62-ാമത് സിനിമയുടെ വരവറിയിച്ചത്. ട്രെയിലർ പോലെ തോന്നിപ്പിക്കുന്നതായിരുന്നു അനൗൺസ്‌മെന്‍റ് വീഡിയോ.
പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു ആണ് 'ചിയാൻ 62' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്. വൻ ബജറ്റിലാണ് ഈ ചിത്രത്തിന്‍റെ നിർമാണം. തീവ്രവും ആകർഷകവുമായ ആക്ഷൻ എന്‍റർടെയ്‌നർ ആയിരിക്കും 'ചിയാൻ 62' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആരാധകർക്കിടയിൽ മാത്രമല്ല, സിനിമാലോകത്തും'ചിയാൻ 62' ചർച്ചയായി മാറിയിരിക്കുകയാണ്. സിനിമയുടെ ഓരോ അപ്‌ഡേറ്റിനായും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പി ആർ ഒ - പ്രതീഷ് ശേഖർ.