ബെംഗളുരു:രേണുക സ്വാമി കൊലക്കേസില്‍ പ്രതിയും നടനുമായ ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി ആറുമാസത്തിന് ശേഷമാണ് ദര്‍ശന് ജാമ്യം ലഭിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി കാണിച്ച് ദര്‍ശന്‍ ഇടക്കാല ജാമ്യത്തില്‍ ആണ്.
കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്‌മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജസ്‌റ്റിസ് വിശ്വജിത്ത് ഷെട്ടിയുടെ ബെഞ്ചാണ് ദര്‍ശന്‍റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
നേരത്തെ ആരോഗ്യസ്ഥിതി പരിഗണിച്ച് ദര്‍ശന് കര്‍ണാടക ഹൈക്കോടതി ആറാഴ്‌ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നട്ടെല്ലിന് ശസ്‌ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആധാരമാക്കിയായിരുന്നു കോടതിയുടെ വിധി.
രണ്ടു കാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ദര്‍ശന്‍റെ നിയമോപദേശകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍. നടന്‍റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതില്‍ പ്രകോപിതനായാണ് ദര്‍ശനും കൂട്ടാളികളും രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി.
ജൂണ്‍ 9 നാണ് ബെംഗളുരുവിലെ സോമനഹള്ളിയില്‍ ഒരു പാലത്തിന്‍റെ താഴെ അഴുക്കു ചാലില്‍ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. ആദ്യം ആത്മഹത്യയാണെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ പിന്നീടുണ്ടായ അന്വേഷണത്തില്‍ കൊലപാതകമാണ് എന്ന് തെളിയിക്കുകയായിരുന്നു.
ക്രൂര മര്‍ദ്ദനത്തിന് ഇരയായിട്ടാണ് രേണുക സ്വാമി മരണപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. ഇതിന് ശേഷം കൊലപാതകവുമായി ബന്ധപ്പെട്ട തന്‍റെയോ പവിത്ര ഗൗഡയുടേയോ പേര് വരാതിരിക്കാന്‍ സസൂക്ഷ്‌മം കരുക്കള്‍ നീക്കിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.
ചിത്രദുര്‍ഗ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ അധ്യക്ഷന്‍ രാഘവേന്ദ്രയുടെ സഹായത്തോടെയാണ് രേണുക സ്വാമിയെ ദര്‍ശന്‍ കണ്ടെത്തിയത്, സ്ത്രീയെന്ന വ്യാജേന ഫോണിലൂടെ സംസാരിച്ച് രേണുക സ്വാമിയെ വലയിലാക്കി. പിന്നീട് രാഘവേന്ദ്രയുടെ കൂട്ടാളികളുടെ സഹായത്തോടെ രേണുക സ്വാമിയെ ബെംഗളുരുവിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ ആര്‍ ആര്‍ നഗറിലെ ഉള്‍പ്രദേശത്തുള്ള വിജനമായ സ്ഥലത്ത് കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.