എറണാകുളം: ആർഡിഎക്‌സ് സിനിമ നിർമാതാക്കൾ വഞ്ചിച്ചെന്ന പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശിനി രംഗത്ത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് 'ആർഡിഎക്‌സ്' സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ ഹിൽ പാലസ് സ്റ്റേഷനിൽ പരാതി നൽകിയത്. 'ആർഡിഎക്‌സ്' നിർമാണത്തിൽ പങ്കാളിയായ തനിക്ക് വാഗ്‌ദാനം ചെയ്‌ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.
സിനിമയ്‌ക്കായി 6 കോടി രൂപ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ല. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചു. സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെയാണ് ആർഡിഎക്‌സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി ഉയരുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഷോൺ ആൻ്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ തുടർച്ചയായി നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണവും തുടങ്ങി.
നേരത്തെ, എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശ പ്രകാരമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. സിനിമാ നിർമ്മാണത്തിൽ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്നായിരുന്നു സിറാജിൻ്റെ പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സിവിൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് സിറാജ് നൽകിയ ഹർജിയിൽ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിട്ടിരുന്നു.
പറവ ഫിലിംസിന്‍റെയും പാര്‍ട്‌ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. നിലവിൽ നിർമാതാക്കൾക്കെതിരെ സിവിൽ, ക്രിമിനൽ നിയമ പ്രകാരമുള്ള നടപടികൾ തുടരുന്നതിനിടയിലാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. നടൻ സൗബിൻ ഉൾപ്പടെയുള്ളവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
ALSO READ: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക ക്രമക്കേട് കേസ്: നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്‌തു