'ലക്കി ഭാസ്‌കറി'ന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാന്ത'. 'കാന്ത'യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങുകൾ ഹൈദരാബാദിലെ രാമ നായിഡു സ്‌റ്റുഡിയോയിൽ നടന്നു. തെലുഗു സൂപ്പർ താരം വെങ്കിടേഷ് ദഗുപതി സിനിമയുടെ ഫസ്‌റ്റ് ക്ലാപ് അടിച്ചു.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗുപതിയുടെ ഉടമസ്ഥതയിലുള്ള സ്‌പിരിറ്റ് മീഡിയ എന്നീ ബാനറുകളില്‍ ദുൽഖർ സൽമാൻ, റാണ ദഗുപതി, പ്രശാന്ത് പോട്ട്ലൂരി, ജോം വർഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫെറർ ഫിലിംസിന്‍റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'.
'കാന്ത' എന്ന ചിത്രത്തിനായി വേഫെറർ ഫിലിംസുമായി സഹകരിക്കുന്നത്, ഈ പ്രോജക്‌ടിന് പുതിയൊരു മാനം നൽകുന്നുവെന്ന് റാണ ദഗുപതി പറഞ്ഞു. സ്‌പിരിറ്റ് മീഡിയയ്‌ക്കൊപ്പം ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണെന്ന് ദുല്‍ഖര്‍ സൽമാനും പ്രതികരിച്ചു. 'ഇത് ('കാന്ത') മനുഷ്യവികാരങ്ങളുടെ ആഴങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ഒരു കഥയാണ്. കൂടാതെ ഒരു നടന് അവതരിപ്പിക്കാൻ ധാരാളം സ്കോപ്പും ഈ ചിത്രം നൽകുന്നു. ഈ സിനിമ ആരംഭിച്ചതിലും ഈ സിനിമയ്ക്ക് ജീവൻ നൽകിയതിലും ഞാൻ ത്രില്ലിലാണ്' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
1950കളിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഈ കാലഘട്ടത്തിലെ മനുഷ്യബന്ധങ്ങളുടെയും സാമൂഹിക മാറ്റങ്ങളുടെയും സങ്കീർണ്ണതകൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാറ്റിക് യാത്രയാണ് 'കാന്ത'.
ദുൽഖർ സൽമാനെ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. സെൽവമണി സെൽവരാജാണ് ചിത്രത്തിന്‍റെ സംവിധാനം. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്‌ഫ്ലിക്‌സ് ഡോക്യുമെന്‍ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. തമിഴ് പ്രഭയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഝാനു ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഡാനി സാഞ്ചസ് ലോപ്പസും, ചിത്രസംയോജനം ലെവെലിൻ ആന്‍റണി ഗോൺസാൽവേസും നിര്‍വഹിക്കും. കലാസംവിധാനം - രാമലിംഗം, വസ്ത്രാലങ്കാരം - പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്, പിആർഒ - ശബരി എന്നിവരും നിര്‍വഹിക്കും.