വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ, പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'വർഷങ്ങൾക്കു ശേഷം' റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 12ന് 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിലെത്തും.
'ഹൃദയ'ത്തിന് ശേഷം പുതിയ ചിത്രവുമായി വിനീത് എത്തുമ്പോൾ നിർമാതാവിന് മാറ്റമില്ല. മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് 'വർഷങ്ങൾക്കു ശേഷ'വും നിർമിക്കുന്നത്. സിനിമ റിലീസിനോടടുക്കുമ്പോൾ ഇടിവി ഭാരതുമായി മനസുതുറക്കുകയാണ് വിശാഖ് സുബ്രഹ്മണ്യം.
വലിയ താരനിരയുമായാണ് 'വർഷങ്ങൾക്കു ശേഷം' എത്തുന്നത്. പ്രണവിനും ധ്യാനിനും ഒപ്പം നിവിൻ പോളി, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ്, നീരജ് മാധവ്, നീത പിള്ള എന്നിങ്ങനെ വലിയ താരനിര ഈ സിനിമയുടെ അണിയറിയിലുണ്ട്. വിശാഖ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'വർഷങ്ങൾക്കു ശേഷം'.
'ലവ് ആക്ഷൻ ഡ്രാമ'യാണ് വിശാഖിന്‍റെ നിർമാണത്തിൽ എത്തിയ ആദ്യചിത്രം. ധ്യാൻ ശ്രീനിവാസനായിരുന്നു ഈ സിനിമയുടെ സംവിധായകൻ. മലയാളം സിനിമ മേഖലയിൽ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പം തുടർച്ചയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് തന്നെ സന്തോഷവാനാക്കുന്നതെന്ന് വിശാഖ് പറഞ്ഞു.
'വർഷങ്ങൾക്കു ശേഷം' സിനിമയിലെ മിക്കവരും തന്‍റെ മുൻചിത്രങ്ങളുടെ ഭാഗമായവരാണ്. അതുകൊണ്ടുതന്നെ ഈ ചിത്രം ഒരു തരത്തിൽ റീയൂണിയൻ തന്നെ ആയിരുന്നു. സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുമെന്നുള്ളതിൽ സംശയമില്ലെന്നും വിശാഖ് പറഞ്ഞു.
സിനിമ കണ്ടുകഴിഞ്ഞുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് വേണ്ടി മാത്രമാണ് ഇനി കാത്തിരിക്കുന്നത്. ഈ സിനിമയുടെ ആശയം ആദ്യം വിനീത് പറഞ്ഞപ്പോൾ തന്നെ ഒരു വലിയ പ്രതീക്ഷ തോന്നിയിരുന്നു. 'ഹൃദയ'ത്തിൽ വർക്ക് ചെയ്യുമ്പോൾ വിനീത് എന്ന സംവിധായകന്‍റെ വർക്കിംഗ് പ്രോസസ് എന്താണെന്ന് കൃത്യമായി മനസിലാക്കാനായി.
2015-ൽ തന്നെ ഈ സിനിമയുടെ ആശയം വിനീത് പറഞ്ഞിരുന്നു. എന്നാൽ അതൊരു പൂർണമായ രീതിയിയാരുന്നില്ല. പിന്നീട് 'ഹൃദയ'ത്തിന് ശേഷം, തന്‍റെ കല്യാണത്തിന്‍റെ തലേദിവസമാണ് വിനീത് സിനിമയുടെ മുഴുവൻ ആശയവും പങ്കുവയ്‌ക്കുന്നതെന്ന് വിശാഖ് പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ചിത്രത്തിന്‍റെ നിർമ്മാണം ഏറ്റെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'വർഷങ്ങൾക്ക് ശേഷം' ഒരിക്കലും എളുപ്പം സാധ്യമാകുന്ന ഒരു ചിത്രമായിരുന്നില്ല. കൃത്യമായ പ്ലാനിങ്ങോടുകൂടി വളരെ ബുദ്ധിമുട്ടി തന്നെയാണ് ചിത്രം അതിന്‍റെ പൂർണതയിൽ എത്തിച്ചത്. 70-കളിലെ ചെന്നൈ പുനഃസൃഷ്‌ടിക്കാൻ എറണാകുളത്ത് വലിയൊരു സെറ്റ് തന്നെ ഒരുക്കി. വളരെ ചിലവേറിയ സംഗതിയായിരുന്നു അത്. ഏകദേശം ആറുമാസത്തോളമാണ് സെറ്റ് നിർമ്മാണത്തിന് വേണ്ടി മാത്രം ചെലവഴിച്ചത്.
എനിക്ക് നല്ല പരിചയമുള്ള വ്യക്തികൾക്ക് ഒപ്പം സിനിമ ചെയ്യുന്നത് വളരെ ഇഷ്‌ടമുള്ള കാര്യമാണ്. ഇതുവരെ ഒരു സൂപ്പർസ്റ്റാർ സിനിമ ചെയ്യാൻ തനിക്ക് സാധിച്ചിട്ടില്ല. ചെയ്‌ത സിനിമകളൊക്കെ തന്നെ സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു.
കഴിഞ്ഞ സിനിമകളും വലിയ ബജറ്റ് ചെലവാക്കി തന്നെയാണ് നിർമിച്ചത്. അതുകൊണ്ടുതന്നെ നിർമ്മാതാവ് എന്നുള്ള രീതിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ തനിക്ക് സംഭവിച്ചാൽ സുഹൃത്തുക്കൾ തന്നോടൊപ്പം നിൽക്കുമെന്നറിയാം. അതിനാൽ ഒരു വലിയ ബജറ്റ് സിനിമ ചെയ്യുന്നതിന്‍റെ ടെൻഷൻ ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല.
'വർഷങ്ങൾക്കു ശേഷ'ത്തിൽ ഒരൊറ്റ ഷോട്ടിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും വിശാഖ് പറഞ്ഞു. യഥാർഥത്തിൽ ആ വേഷം ചെയ്യാനിരുന്നത് മറ്റൊരാളാണ്. അവസാന നിമിഷം അദ്ദേഹത്തിന് വരാനായില്ല.
ഷൂട്ടിംഗ് മുടങ്ങുമെന്നായപ്പോഴാണ് താനാ വേഷം ചെയ്യാൻ ഇടയായതെന്നും വിശാഖ് വ്യക്തമാക്കി. വിനീത് പറഞ്ഞിട്ട് തന്നെയായിരുന്നു ആ സാഹസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിനീത് ശ്രീനിവാസൻ ചിത്രം എന്ന നിലയിൽ 'വർഷങ്ങൾക്കു ശേഷ'ത്തിന് പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാമെന്നും വിശാഖ് സുബ്രഹ്മണ്യം പറഞ്ഞുനിർത്തി.
ALSO READ: സിനിമയേക്കാൾ ആരാധകരേറെയായി ഞങ്ങളുടെ ഇന്‍റർവ്യൂകൾക്ക്; 'വർഷങ്ങൾക്കു ശേഷം' വിശേഷങ്ങളുമായി സംവിധായകൻ