കാസർകോട്: ചലച്ചിത്ര താരം മല്ലിക സുകുമാരൻ സമൂഹ മാധ്യമത്തിൽ
പങ്കുവച്ച ഒരു ചിത്രം ഇപ്പോൾ വൈറലാണ്. കാസർകോട് അട്ടേങ്ങാനം സ്വദേശിയും
ഇന്‍റീരിയർ ഡിസൈനറുമായ അഭിമന്യു തന്‍റെ വീടിന്‍റെ ടെറസിൽ വരച്ച ചിത്രമാണ് അത്.
ബ്ലെസിയുടെ 'ആടുജീവിത'ത്തിൽ നജീബിനെ അനശ്വരമാക്കിയ പൃഥ്വിരാജിന്‍റെ ഭീമൻ ചിത്രം.
മരുഭൂമിയിൽ എത്തിയ നജീബിന്‍റെ ജീവൻ തുടിക്കുന്ന ചിത്രമാണ് അഭിമന്യു വരച്ചത്.
മരുഭൂമിയിൽ അയാൾ നേരിട്ട ദുരിതങ്ങൾ ചിത്രത്തിലും കാണാം. ചിത്രവും പിന്നാമ്പുറ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
കേവലം കല്ലുകളും കരിക്കട്ടകളും കൊണ്ടാണ് മനോഹരമായ പൃഥ്വിരാജ് ചിത്രം അഭിമന്യു
വരച്ചത്. നാട്ടിലെ കുട്ടിക്കൂട്ടവും അഭിമന്യുവിന്‍റെ ഈ ഉദ്യമത്തിന് തുണയായി ഉണ്ടായിരുന്നു.
കല്ലും കരിയും ശേഖരിച്ചതും വീഡിയോ എടുത്തതുമെല്ലാം അവർ തന്നെ. കുട്ടികൾ
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോ ഇതുവരെ കണ്ടത് രണ്ടുലക്ഷത്തോളം പേരാണ്.
അഭിമന്യുവിന്‍റെ കലാമികവ് കണ്ടറിഞ്ഞ മല്ലിക സുകുമാരൻ ചിത്രം സമൂഹ മാധ്യമങ്ങളിൽ
പങ്കുവയ്‌ക്കുകയായിരുന്നു. പൃഥ്വിരാജിന്‍റെ വലിയ ആരാധകനാണ് അഭിമന്യു. 'രാജുവേട്ടൻ ചിത്രത്തിന് താഴെ കമന്‍റിട്ടാൽ ഏറെ സന്തോഷമാകും' എന്ന് അഭിമന്യു പറഞ്ഞു.
ഒരു ദിവസം കൊണ്ടാണ് അഭിമന്യു ചിത്രം പൂർത്തീകരിച്ചത്. സ്‌കൂൾ കാലഘട്ടം തോട്ടേ ചിത്രകലയിൽ മികവ് പുലർത്തിയിരുന്ന അഭിമന്യു മുമ്പും നിരവധി സിനിമ താരങ്ങളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സണ്ണി വെയ്‌ൻ, വിനായകൻ എന്നിവരുടെ ചിത്രവുമുണ്ട് അക്കൂട്ടത്തിൽ. അതേസമയം അഭിമന്യുവിന്‍റെ പുതിയ ചിത്രം കാണാൻ നിരവധി പേരാണ് ദിവസവും വീട്ടിലേക്ക് എത്തുന്നത്.
ALSO READ: കൊല്ലം ബീച്ചിൽ കശുവണ്ടിയില്‍ മുഖ്യമന്ത്രിയുടെ രൂപം; അപൂർവ കാഴ്‌ച ഒരുക്കി ഡാവിഞ്ചി സുരേഷ്