ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' നാളെ തിയേറ്ററുകളിലേക്ക് എത്തുകയായി. ഇപ്പോഴിതാ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി ഈ ചിത്രത്തിന്‍റെ പ്രൊമോ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'തെലങ്കാന ബൊമ്മലു' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Premalu Promo Song Telangana Bommalu).
കെ ജി മാര്‍ക്കോസ് ആലപിച്ചിരിക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. സുഹൈല്‍ കോയയുടെ വരികൾക്ക് വിഷ്‌ണു വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. നീണ്ട 15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കെ ജി മോര്‍ക്കോസ് ഒരു സിനിമയില്‍ പാടുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ അടക്കം തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ പ്രൊമോ ഗാനവും ശ്രദ്ധ നേടുകയാണ്. ഗാനത്തിന്‍റെ റെക്കോർഡിങ് രംഗങ്ങളും 'തെലങ്കാന ബൊമ്മലു'വിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളെയും കാണാം.
- " class="align-text-top noRightClick twitterSection" data="">
മലയാളത്തിന്‍റെ യുവതാരനിരയിൽ ശ്രദ്ധേയരായ നസ്‌ലൻ കെ ഗഫൂറും മമിത ബൈജുവുമാണ് 'പ്രേമലു'വിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള റൊമാന്‍റിക് കോമഡി എന്‍റര്‍ടെയിനര്‍ ആയിരിക്കും 'പ്രേമലു' എന്നാണ് കരുതുന്നത്. അടുത്തിടെ പുറത്തുവന്ന 'പ്രേമലു'വിന്‍റെ ട്രെയിലറും ഗാനങ്ങളും എല്ലാം ഇക്കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാകും ഈ ചിത്രം പറയുക.
'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ വിജയ സിനിമകൾക്ക് ശേഷമാണ് ഗിരീഷ് എ ഡി 'പ്രേമലു'വുമായി പ്രേക്ഷകർക്കരികിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'പ്രേമലു'വിന്‍റെ നിർമാണം. ഭാവന സ്റ്റുഡിയോസ് 'പ്രേമലു'വിന്‍റെ നിർമാണം ഏറ്റെടുക്കാനുള്ള ഒരേയൊരു കാരണം സംവിധായകൻ ഗിരീഷ് എഡിയിലുള്ള വിശ്വാസമാണെന്ന് കഴിഞ്ഞ ദീവസം ദിലീഷ് പോത്തൻ പ്രസ് മീറ്റിനിടെ വ്യക്തമാക്കിയിരുന്നു.
ഗിരീഷ് എ ഡി എന്ന സംവിധായകന്‍റെ ഒരു ചിത്രം നിർമിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഭാവന സ്റ്റുഡിയോസ് 'പ്രേമലു'വിന്‍റെ നിർമ്മാണ ചുമതല ഏറ്റെടുത്തതെന്നും പൂർണമായും സംവിധായകനിൽ വിശ്വാസമർപ്പിച്ച് കൊണ്ടാണ് തങ്ങൾ ഈ ചിത്രത്തിന്‍റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
സംവിധായകൻ ഗിരീഷ് എഡിയ്‌ക്കൊപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് പ്രേമലുവിന്‍റെ തിരക്കഥ ഒരുക്കിയത്. അജ്‌മല്‍ സാബുവാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസും നിർവഹിച്ചിരിക്കുന്നു. വിനോദ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ കലാസംവിധാനം കൈകാര്യം ചെയ്‌തിരിക്കുന്നത്.
കോസ്റ്റ്യൂം ഡിസൈന്‍സ് : ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ആക്ഷന്‍ : ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി : ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സേവ്യര്‍ റിച്ചാര്‍ഡ് , വി എഫ് എക്‌സ് : എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ : കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ : ബെന്നി കട്ടപ്പന, ജോസ് വിജയ്.