വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയാണ് 'വർഷങ്ങൾക്കു ശേഷം'. നിറഞ്ഞ തിയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം. സിനിമയുടെ പ്രൊമോഷൻ വേളകളിലും റിലീസിന് ശേഷമുള്ള അണിയറക്കാരുടെ ഇന്‍റർവ്യൂകളിലും പ്രേക്ഷകരും മാധ്യമങ്ങളും തിരയുന്ന ഒരു മുഖമുണ്ട്. അതെ, പ്രണവ് മോഹൻലാൽ തന്നെ.
മാധ്യമങ്ങൾക്ക് പിടിതരാതെ 'മുങ്ങി നടക്കുന്ന' ഈ താരത്തെ ഇപ്പോൾ കണ്ടുകിട്ടിയിരിക്കുകയാണ്. അഭിനയിച്ച സിനിമ സൂപ്പർഹിറ്റായി പ്രദർശനം തുടരുമ്പോൾ അതിലെ നായകൻ ഇതൊന്നും കാര്യമാക്കാതെ തന്‍റെ യാത്രയിലാണ്. ഊട്ടിയിലാണ് പ്രണവ് ഇപ്പോൾ. അവിടെയെത്തിയ മലയാളികളാണ് താരത്തെ കണ്ടുപിടിച്ചത്. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
നേരത്തെ 'വർഷങ്ങൾക്കു ശേഷം' സിനിമ കാണാനെത്തിയ പ്രണവിന്‍റെ അമ്മ സുചിത്ര മോഹൻലാൽ മകൻ ഊട്ടിയിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബൈക്കിൽ സവാരി ചെയ്യുന്ന സോളമന്‍ ഡാനിയലും സംഘവുമാണ് ഊട്ടിയിൽ വച്ച് അപ്രതീക്ഷിതമായി പ്രണവിനെ കണ്ടത്. ഇവർ പ്രണവിനെ പരിചയപ്പെടുന്നതും വിശേഷങ്ങൾ പങ്കിടുന്നതും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം.
രസകരമായ കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'കൊല്ലത്തിൽ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു, പടം ഹിറ്റ് അടിക്കുന്നു പോകുന്നു, എടോ ആ ചങ്ങായിനോട് പറ മൂപ്പരാണ് ഈ പടത്തിലെ നായകനും ഈ പടം ഹിറ്റ് ആണെന്നും...എജ്ജാധി മനുഷ്യൻ..' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.