തെലുഗ് സിനിമാലോകത്ത് നിന്നെത്തി പാന്‍ ഇന്ത്യന്‍ വിസ്‌മയമായി മാറിയ പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി' ജപ്പാനിൽ റിലീസിന്. എപ്പിക്ക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജപ്പാൻ പുതുവർഷാഘോഷമായ ഷൊഗാത്സു ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് 2025 ജനുവരി 3ന് റിലീസിനെത്തുന്നത്. 'കൽക്കി'യുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ജപ്പാൻ റിലീസിന് മുന്നോടിയായുള്ള പോസ്റ്റർ എത്തിയിരിക്കുന്നത്.
സംഘർഷവും കാലാവസ്ഥാ ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഒരു ഡിസ്ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം, പ്രവചനങ്ങൾക്കും പുരാതന രഹസ്യങ്ങൾക്കുമിടയിൽ തൻറെ വിധിയുമായി മല്ലിടുന്ന ശക്തനായ യോദ്ധാവായ ഭൈരവയുടെ (പ്രഭാസ്) കഥയാണ് പറയുന്നത്. ഇന്ത്യൻ ഇതിഹാസമായ ‘മഹാഭാരത’ ത്തിലെ അമർത്യനായ അശ്വത്ഥാമ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനാണ് വേഷമിട്ടത്. നായികാ കഥാപാത്രമായി ദീപിക പദുക്കോണും കൽക്കിയെ നേരിടാൻ തയ്യാറായ വില്ലനായ സുപ്രീം യാസ്ക്കിൻ ആയി കമൽ ഹാസനും വേഷമിട്ടിരിക്കുന്നു.
ജൂണ്‍ 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയിലേറെയാണ് നേടിയത്. ഇപ്പോഴിതാ ജപ്പാൻ സിനിമാലോകത്തെ പ്രധാനികളിലൊരാളായ കബാറ്റ കെയ്സൊയുടെ കീഴിലുള്ള ട്വിൻ ചിത്രം ജപ്പാനിൽ വിതരണത്തിനെത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനായെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കൽക്കിയിൽ ഒരുമിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മികച്ച പ്രേക്ഷക - നിരൂപക പ്രശംസയാണ് ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുകയുണ്ടായത്. ചിത്രത്തിൻ്റെ റഷ്യൻ ഭാഷയിൽ ഡബ്ബ് ചെയ്ത പതിപ്പ് ഈ മാസം പുറത്തിറങ്ങിയിരുന്നു, ഒരു ചൈനീസ് പതിപ്പിന്‍റെ റിലീസിനുള്ള പദ്ധതികളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. അതിനിടയിലാണ് ജപ്പാനിൽ ചിത്രത്തിന്‍റെ റിലീസ്.
സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ജോർഡ്ജെ സ്റ്റോജിൽകോവിച്ചായിരുന്നു ഛായാഗ്രഹണം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റർ. സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. അതേസമയം 2027-ൽ സിനിമയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്താനായി ഒരുങ്ങുകയുമാണ്. പിആർഒ ആതിര ദിൽജിത്ത്.
Also Read:'കങ്കുവ' കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു, ഇനി രണ്ടു നാള്‍ മാത്രം; ആരാധകര്‍ ആവേശത്തില്‍