ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ബര്‍ഖ ദത്തിന്‍റെ മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെ പോലെ ഒഴിഞ്ഞുമാറിയെന്നാണ് പാര്‍വതി പറയുന്നത്.
'ആ വാർത്ത കേട്ട സമയത്ത് അവർ ഇത്ര ഭീരുക്കളാണോ എന്നാണ് ആദ്യം തോന്നിയത്. ഈ വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരുന്നിരുന്നത്. ഞങ്ങള്‍ സ്‌ത്രീകള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നയിക്കുന്നു. സർക്കാരുമായി സംസാരിച്ച് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തിയിരുന്നെങ്കിൽ അത് നന്നായിരുന്നു. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് അന്ന് നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തിരികെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്‌തത്.
അമ്മ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കറിയാം. ഞാനും അതിന്‍റെ ഭാഗമായിരുന്നു. അമ്മ സംഘടനയിൽ സർവാധികാരിയെ പോലെ, ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാകും. അവർക്ക് മുന്നിൽ ആർക്കും അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് അമ്മ സംഘടനയിൽ പ്രവർത്തിച്ച ആളെന്ന രീതിയിൽ തനിക്കറിയാം. നമുക്ക് നമ്മുടെ ആവശ്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇവിടെ അവകാശം ഇല്ലേ? ഇനിയെങ്കിലും ഒരു മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെടാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ, എന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുന്ന സാഹചര്യമാണ് ഉള്ളത്.
പൊതു സമൂഹത്തിന്‍റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെയാണ് സ്ത്രീകൾ കടന്നു പോകുന്നത്. അതിന് ശേഷമുള്ള സ്ത്രീകളുടെ കെരിയർ, മാനസികാരോഗ്യം എന്നിവയെ കുറിച്ചൊന്നും ആരും ശ്രദ്ധിക്കുന്നില്ല. ഇതൊന്നും ആർക്കും വിഷയമേ അല്ല. ഞങ്ങളല്ല ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. തെറ്റുകാരും സ്ത്രീകളല്ല. പക്ഷെ, ഇതിന്‍റെ എല്ലാം ആഖാതം ഏറ്റുവാങ്ങുന്നത് സ്ത്രീകളാണ്.
മുന്നോട്ട് വന്ന ഓരോ സ്ത്രീകളെയും ബഹുമാനിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിൽ അതിജീവിതർക്ക് നീതിക്ക് വേണ്ടി ഇപ്പോൾ അലയേണ്ടി വരില്ലായിരുന്നു. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഓരോ സ്‌ത്രീയും രംഗത്ത് വരാന്‍ നിര്‍ബന്ധിതയാകുകയാണ്.' -പാര്‍വതി തിരുവോത്ത് പറഞ്ഞു.