നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്‌ത് പുറത്തിറങ്ങുന്ന ചിത്രമാണ് പണി. മലയാള സിനിമയെ അപ്പാടെ പൊളിച്ചു പണിയുന്ന ഒരു തരത്തിലുള്ള ഫോർമുലയും ഇക്കഴിഞ്ഞ കുറെ കാലങ്ങൾക്കിടയിൽ ഇറങ്ങിയ മലയാള സിനിമകൾക്ക് ഉണ്ടായിരുന്നില്ല എന്ന് ജോജു ജോർജ്. പണി എന്ന തന്‍റെ പുതിയ ചിത്രവും മികച്ച ആസ്വാദന തലം പ്രേക്ഷകന് സമ്മാനിക്കും എന്നതിലുപരി മലയാള സിനിമയിൽ ഒരുതരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരില്ല. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോജു ജോർജ്.
പണിയെന്ന ചിത്രം മലയാള സിനിമയിൽ വലിയ മാറ്റങ്ങൾക്ക് വഴിത്തിരിവ് ആകുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോജു. 'ഈ ചോദ്യം ചോദിക്കുന്നവരുൾപ്പെടെ മലയാള സിനിമ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇത്തരം ഒരു ചോദ്യം ചോദിക്കാൻ കാരണമായത്. കെ ജി ജോർജിനെ പോലുള്ള സംവിധായകർ മലയാള സിനിമയിൽ സൃഷ്‌ടിച്ച മാറ്റങ്ങളെ പറ്റി ധാരണയുണ്ടോ?
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രഗത്ഭ നടൻമാർ മലയാള സിനിമയ്ക്ക് സംഭാവന ചെയ്‌ത സിനിമകൾ നിങ്ങൾ ആരും തന്നെ ശ്രദ്ധിച്ചിട്ടില്ല എന്നുണ്ടോ? വർഷങ്ങൾക്കു മുമ്പ് ഇവിടെ സംഭവിച്ചിട്ടുള്ള മികച്ച സിനിമകളും മികച്ച ആശയങ്ങളും പുതിയ കാലഘട്ടത്തിൽ ആവർത്തിക്കപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല' എന്ന് ജോജു ജോർജ് പ്രസ്‌താവിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'പണ്ട് ഞാൻ കണ്ട ഇൻഫ്ലുവൻസ് ആയ അത്രയും മികച്ച ചിത്രങ്ങൾ അടുത്തിടെ ഇവിടെ സംഭവിച്ചിട്ടില്ല. പണ്ടത്തെ സിനിമകൾ മലയാള സിനിമയുടെ സിഗ്നേച്ചർ ആണ്. ഈ പ്രസ്‌താവന എന്‍റെ മാത്രം കാഴ്‌ചപ്പാടിൽ ഒരുപക്ഷേ അധിഷ്‌ഠിതമായിരിക്കാം. പണി എന്ന ചിത്രം മലയാള സിനിമയുടെ ഒരുതരത്തിലുള്ള ട്രാക്ക് മാറ്റാനും പോകുന്നില്ല. തിയേറ്ററിൽ രണ്ടര മണിക്കൂർ മികച്ച ആസ്വാദന തലം സൃഷ്‌ടിക്കുന്ന ഒരു ചിത്രം. ഒരുകാലത്ത് തീയറ്ററിൽ മികച്ച സിനിമകൾ കണ്ട് കയ്യടിച്ചിട്ടുള്ള ആഘോഷിച്ചിട്ടുള്ള സിനിമ അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്‌തവം.
വലിയ അവകാശവാദങ്ങൾ ഒന്നും തന്നെ പണിയെന്ന ചിത്രത്തിന്മേൽ ഉന്നയിക്കുന്നില്ല. തന്നെക്കൊണ്ട് ആവുന്ന രീതിയിൽ മികച്ച ക്വാളിറ്റിയിൽ സിനിമ ഷൂട്ട് ചെയ്‌ത് വച്ചിട്ടുണ്ട്. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ പണിയെന്ന ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തില്ല എന്നൊരു ഉറപ്പ് നൽകാൻ സാധിക്കും. ഒരുപാട് പുതിയ താരങ്ങൾക്ക് ഈ ചിത്രത്തിൽ അവസരം നൽകിയിട്ടുണ്ട്. പുതിയ താരങ്ങൾ അഭിനയിക്കുന്ന ചിത്രമായതുകൊണ്ട് ചെറിയ ബഡ്‌ജറ്റ് ആണെന്ന് ഒന്നും കരുതണ്ട. സിനിമ ആവശ്യപ്പെടുന്ന തരത്തിൽ ചിത്രത്തിനുവേണ്ടി പണം ചെലവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമ വലിയ ക്യാൻവാസിൽ നിങ്ങൾക്ക് ആസ്വദിക്കാൻ ആകും.' ജോജു ജോർജ് വെളിപ്പെടുത്തി.