എറണാകുളം : നാദിർഷയുടെ സംവിധാനത്തിൽ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി റിലീസിന് ഒരുങ്ങുന്നു. റാഫി തിരക്കഥ എഴുതുന്ന സിനിമ പൂർണമായും കോമഡി പശ്ചാത്തലത്തിലുള്ളതല്ലെന്ന് സംവിധായകന്‍റെ തുറന്നുപറച്ചിൽ. അർജുൻ അശോകൻ, മുബിൻ എം റാഫി, ദേവിക സഞ്ജയ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
'റാഫി എന്ന തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും ഒരുപാട് കോമഡി സിനിമകൾ കണ്ടുവളർന്നവരാണ് നാം. അദ്ദേഹത്തിന്‍റെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുക എന്നത് ഭാഗ്യമാണ്' - നാദിർഷ പറഞ്ഞു. പരീക്ഷണ ചിത്രങ്ങളും കോമഡി ചിത്രങ്ങളും താന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. ഇതൊരു മുഴുനീള കോമഡി ചിത്രമല്ല. സിനിമയിൽ ഒരല്‍പ്പം തമാശയൊക്കെ ഉണ്ട്. മറ്റൊരു ജോണറിലാണ് ചിത്രം. ത്രില്ലർ അടക്കമുള്ള ഭാവങ്ങളിലൂടെ സിനിമ കടന്നുപോകും.
രണ്ടുമണിക്കൂറാണ് ദൈർഘ്യം. ജാഫർ ഇടുക്കിയുടേത് സീരിയസ് കഥാപാത്രമായിരുന്നു. എന്നാല്‍ അഭിനയിച്ച് അത് കോമഡി ആക്കി മാറ്റിയെന്ന് നാദിർഷ തമാശ രൂപേണ പറഞ്ഞു. മലയാളത്തിന്‍റെ ഹിറ്റ് സംവിധായകൻ റാഫിയുടെ തിരക്കഥയിലും നാദിർഷയുടെ സംവിധാനത്തിലും അഭിനയിക്കാൻ ആയത് സന്തോഷം പകരുന്ന കാര്യമാണെന്നാണ് അർജുൻ അശോകൻ പ്രതികരിച്ചത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്‌ദുൽ വഹാബ് ആണ്. നേരത്തെ പുറത്തുവന്ന, ചിത്രത്തിന്‍റെ ട്രെയിലറും ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 'കണ്ടേ ഞാനാകാശത്തൊരു' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദാണ്.
പ്രൊജക്‌ട് ഡിസൈനർ - സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിങ് - സന്തോഷ് രാമൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ദീപക് നാരായൺ, സ്റ്റിൽസ് - യൂനസ് കുണ്ടായ്, ഡിസൈൻസ് - മാക്‌ഗുഫിൻ.
Also Read : റാഫിയുടെ മകൻ നായകനാകുന്ന നാദിർഷാ ചിത്രം ; ശ്രദ്ധനേടി ട്രെയിലർ