തമിഴ് ചലച്ചിത്ര നിര്‍മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 12:30 ഓടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചു നാളായി ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
രാവിലെ 10.30 ഓടെ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ചെന്നൈയിലെ പെരുങ്ങലത്തൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4.30ന് സംസ്‌കാരം നടക്കും.
ദില്ലി ബാബുവിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. 'വലിയം' എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദില്ലി ബാബുവിന്‍റെ വിടവാങ്ങല്‍.
2015ല്‍ 'ഉറുമീന്‍' എന്ന സിനിമയിലൂടെയാണ് നിര്‍മ്മാതാവായുള്ള അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. പിന്നീട് 'മരദഗത നാണയം', 'രാക്ഷസന്‍', 'ഇരവുക്ക് ആയിരം കണ്‍കള്‍', 'ഓ മൈ കടവുളെ', 'മിറല്‍', 'ബാച്ചിലര്‍', 'കള്‍വന്‍' തുടങ്ങീ ചിത്രങ്ങളും നിര്‍മിച്ചു.
ആക്‌സസ് ഫിലിം ഫാക്‌ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. മിഡ് ബജറ്റ് ചിത്രങ്ങളിലൂടെ നിരവധി പുതു സംവിധായകര്‍ക്ക് അദ്ദേഹം അവസരം നല്‍കുകയും ചെയ്‌തിരുന്നു.