തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തു വിടുന്നതിൽ വിവരാവകാശ കമ്മിഷണറുടെ തീരുമാനം പിന്നീട്. റിപ്പോർട്ടിൽ നിന്നും 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയിരുന്നത്. ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നതു സംബന്ധിച്ച് വിവരാവകാശ കമ്മീഷണർ ഇന്ന് ഉത്തരവിടുമെന്നായിരുന്നു വിവരാവകാശ രേഖ പ്രകാരം പരാതി നൽകിയ മാധ്യമപ്രവർത്തകർക്ക് ലഭിച്ച അറിയിപ്പ്.
അപേക്ഷ നൽകിയവർ ഇതിനായി 11 മണിയോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് പിൻവശത്തെ വിവരാവകാശ കമ്മീഷണർ ഓഫീസിനു മുമ്പിലെത്തുകയും ചെയ്‌തിരുന്നു. പുതിയ പരാതി ലഭിച്ചതിനാൽ ഇന്ന് ഉത്തരവുണ്ടാകില്ലെന്ന ഔദ്യോഗിക അറിയിപ്പ് പരാതിക്കാർക്ക് ലഭിക്കുകയായിരുന്നു. റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ പുറത്തു വിട്ടാൽ സ്വകാര്യതയെ ബാധിക്കുമെന്ന് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിനുശേഷം വിവരാവകാശ കമ്മീഷൻ തിരഞ്ഞെടുത്ത ഭാഗങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. എന്നാൽ ഒഴിവാക്കിയ ഭാഗങ്ങൾ ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ അപ്പീൽ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഒക്ടോബർ 30 ലെ ഹിയറിങ്ങിൽ സാംസ്‌കാരിക വകുപ്പിനോട് മുഴുവൻ റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്.
97 മുതൽ 17 വരെയുള്ള ഖണ്ഡികകളും 49 മുതൽ 52 പേജ് വരെ ഒഴിവാക്കിയതായി ഒഴിവാക്കേണ്ട ഭാഗങ്ങൾ സംബന്ധിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാരിന് താല്പര്യമില്ലെന്നും ഹിയറിങ്ങിൽ വിവരാവകാശ കമ്മീഷണർക്ക് മുമ്പിൽ സർക്കാർ പ്രതിനിധികളായി പങ്കെടുത്ത സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥരായ സുഭാഷിണി തങ്കച്ചി, ആർ സന്തോഷ് എന്നിവർ കമ്മീഷനെ അറിയിച്ചിരുന്നു.
അതേസമയം ഹേമകമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങള്‍ കോടതി പരിശോധിക്കുകയാണെന്നും റിപ്പോര്‍ട്ടിലെ നീക്കം ചെയ്‌ത ഏഴു പേജുകള്‍ പുറത്തുവരുന്നതില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ എന്തിന് ഭയപ്പെടണം പുറത്തു വരട്ടെ. ആദ്യഘട്ടത്തില്‍ നിങ്ങള്‍ തന്നെ പറഞ്ഞില്ലേ ഒരുപാട് സംഭവങ്ങള്‍ ഉണ്ടെന്ന്. പുറത്തു വിട്ടപ്പോള്‍ ഒന്നും വന്നില്ലല്ലോ. ഇനി അതിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് എനിക്കറിയില്ല. ഞാന്‍ വായിച്ചിട്ടില്ല. ആരെങ്കിലും നിയമനടപടി സ്വീകരിച്ച് അത് പുറത്തു കൊണ്ടുവരികയാണെങ്കില്‍ അങ്ങനെ നടക്കട്ടെ. സര്‍ക്കാര്‍ എന്തിന് പ്രതിരോധത്തിലാകണം.
കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഡബ്ല്യൂ സിസി നല്‍കിയ അപ്പീലിന്‍റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യയിലെ മറ്റേതിങ്കിലും സംസ്ഥാനത്ത് ഇതുപോലെ ഒരു നടപടിയുണ്ടായിട്ടുണ്ടോ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടില്ല. സജി ചെറിയാന്‍ പറഞ്ഞു.
Also Read:ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയില്‍; കേസ് വേണ്ടെന്ന് ആവശ്യം