പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്‌തത്. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളി തന്നെ വിദേശത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകിയത്.
അതേസമയം യുവതിയുടെ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന നിവിൻ പോളിയുടെ പരാതിയിലും അന്വേഷണ സംഘം നടന്‍റെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ആറാം പ്രതിയാണ് നടൻ നിവിൻ പോളി. ഇതേ കേസിൽ ഒന്നാം പ്രതിയായ സിനിമ നിർമ്മാതാവ് എകെ സുനിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു.
ഒരു മാസം മുമ്പായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി, നിവിന്‍ പോളി ഉള്‍പ്പെടെ ആറു പേർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ദുബൈയിൽ ജോലി ചെയ്യവെ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി സിനിമ നിർമ്മാതാവ് എകെ സുനിൽ പീഡിപ്പിച്ചെന്നും തൊട്ടടുത്ത രണ്ട് ദിവസം നിവിൻ പോളിയും സുഹൃത്തുക്കളും മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് യുവതി പരാതി നൽകിയത്.
ഇതിന് പിന്നാലെ യുവതിയുടെ പരാതി വ്യാജമാണെന്നും, സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും വാർത്ത സമ്മേളനം നടത്തി നിവിൻ പോളി വ്യക്‌തമാക്കിയിരുന്നു. ദുബൈയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ച ദിവസം താന്‍ കേരളത്തില്‍ ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ നിവിൻ പോളി പുറത്ത് വിട്ടിരുന്നു.
എന്നാൽ തന്‍റെയും നിവിൻ പോളിയുടെയും യാത്രാ രേഖകൾ പരിശോധിക്കണമെന്ന മറുപടിയായിരുന്നു യുവതി നൽകിയത്. ഇത്തരം കാര്യങ്ങളിൽ ഉൾപ്പടെ പ്രാഥമിക പരിശോധന നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുലും, മൊഴിയെടുപ്പും നടത്തിയത്.