തിരുവനന്തപുരം: തനിക്കെതിരെയുള്ള പീഡന ആരോപണങ്ങളിൽ സിനിമാ മേഖലയിൽ നിന്നുള്ള ഗൂഢാലോചന ഉണ്ടെന്ന് നടൻ നിവിൻ പോളി. പ്രസ്‌തുത സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിവിൻ പോളി പരാതി നൽകി. തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ സിനിമ മേഖലയിൽ നിന്നുള്ള കൈകടത്തലുകൾ അന്വേഷിക്കണമെന്നും നിവിൻ പോളി പരാതിയിൽ ഉന്നയിക്കുന്നു.
തനിക്കെതിരെ പരാതി വന്ന വഴിയുടെ നിജസ്ഥിതി വെളിവാക്കുക, പരാതികൾ കെട്ടിച്ചമച്ചതാണ്, താന്‍ പൂർണ്ണമായും നിരപരാധിയാണ്, പരാതിക്കാരിയെ കൃത്യമായി ചോദ്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് നിവിൻ പോളി തന്‍റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.
സിനിമാ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആരോപണങ്ങളിൽ, എല്ലാ ആരോപണങ്ങളും വ്യാജമാണെന്ന് വരുത്തി തീർക്കാൻ തന്നെ കരുവാക്കിയതായി സംശയമുണ്ടെന്നും നിവിന്‍ പോളി. അതല്ലെങ്കിൽ സിനിമക്കാരെ എല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കാൻ ഒരു പ്രത്യേക വിഭാഗം സിനിമയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും നടന്‍ പറയുന്നു.
തനിക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ച ദിവസങ്ങളിൽ, താൻ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ നിവിൻ പോളി ഇതിനോടകം തന്നെ അന്വേഷണ സംഘത്തിന് സമർപ്പിച്ചിരുന്നു.