എറണാകുളം: വർഷങ്ങൾക്കു ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് സൂപ്പർസ്‌റ്റാർ നിതിൻ മോളി. പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ച് ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും ഈ കഥാപാത്രത്തെ കുറിച്ച് തന്നെ. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്‍റെ പ്രമോഷണൽ വേളയിൽ നിതിൻ മോളിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യമുയർന്നു.
വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്‍റെ ആത്മവിശ്വാസവും ദീർഘവീക്ഷണവും ആണ് നിതിൻ മോളി എന്ന കഥാപാത്രം എന്നായിരുന്നു നിവിൻ പോളിയുടെ മറുപടി. കഥാപാത്ര രൂപീകരണത്തിൽ എന്‍റേതായ കോൺട്രിബ്യൂഷൻ ഒന്നും തന്നെയില്ല. തീർത്തും വിനീത് ശ്രീനിവാസന്‍റെ ഐഡിയ ആയിരുന്നെന്നും നിവിൻ പറഞ്ഞു.
നിവിൻ പോളിയുടെ വാക്കുകൾ:
നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ സധൈര്യം നേരിടുക. പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ട് കാര്യമില്ല. എന്‍റെ കഴിഞ്ഞ കുറെ നാളത്തെ കരിയർ ആ കഥാപാത്ര രൂപീകരണത്തിന് വിനീതിനെ സഹായിച്ചിട്ടുണ്ട്. ഒരു അതിഥി താരം എന്നതിലുപരി ആ കഥാപാത്രം ഇത്രത്തോളം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല.
വർഷങ്ങൾക്കു ശേഷം സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞാൻ കൊൽക്കത്തയിൽ ആയിരുന്നു. റിലീസിനു ശേഷം അഭിനന്ദന പ്രവാഹമായിരുന്നു. സത്യത്തിൽ ആദ്യം കഥ കേട്ടപ്പോൾ കഥാപാത്രത്തെക്കുറിച്ച് നല്ല പേടിയുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു കഥാപാത്രം പ്രേക്ഷകർ ഏതുവിധത്തിൽ ഏറ്റെടുക്കുമെന്ന് അറിയില്ല. കഥ കേട്ടപ്പോൾ തന്നെ ഞാനീ കഥാപാത്രം ചെയ്യണോയെന്ന് വിനീതിനോട് സംശയം പ്രകടിപ്പിച്ചു.
ശേഷം അദ്ദേഹത്തിന്‍റെ വീട്ടിൽ നേരിട്ട് പോയി ഞാനീ കഥാപാത്രം ചെയ്യണോ എന്ന് ആരാഞ്ഞു. ഫോണിലൂടെയും സുഹൃത്തുക്കൾ വഴിയും ഇതേ സംശയം നിരന്തരം അദ്ദേഹത്തോട് ചോദിച്ചു കൊണ്ടേയിരുന്നു. "എന്നെ വിശ്വസിക്കു" എന്ന വിനീതിന്‍റെ വാക്കുകളിലാണ് കഥാപാത്രം ചെയ്യാൻ തീരുമാനമെടുക്കുന്നത്. എന്തായാലും സിനിമയും കഥാപാത്രവും ജനങ്ങൾക്ക് ഇഷ്‌ടപ്പെട്ടു.
Also Read: 'ഞങ്ങൾ പാടും...ഡയറക്‌ടർ ഉറങ്ങും'; ഫൺ വീഡിയോയുമായി 'വർഷങ്ങൾക്കു ശേഷം' ടീം