2024ൽ വമ്പൻ ഹിറ്റുകളാണ് മലയാളത്തിൽ പിറക്കുന്നത്. ഇറങ്ങുന്ന സിനിമകളെല്ലാം ബോക്‌സ് ഓഫിസിൽ ഹിറ്റടിച്ച്, തകർപ്പൻ പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു 'പ്രേമലു'. ആഗോളതലത്തിൽ 130 കോടിയിലേറെ കളക്ഷനാണ് മലയാളത്തിലെ ഈ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം വാരിക്കൂട്ടിയത്.
അടുത്തിടെ 'പ്രേമലു' ഒടിടിയിലും എത്തി. ഇപ്പോഴിതാ 'പ്രേമലു'വിന് കയ്യടികളുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം നയൻതാര. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി സിനിമയെ പ്രശംസിച്ചത്. 'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു' എന്ന ക്യാപ്‌ഷനോടെ സിനിമയിൽ നിന്നും പകർത്തിയ ചിത്രവും നയൻസ് പങ്കുവച്ചു.
വമ്പൻ താരങ്ങളില്ലാതെ യൂത്തിന്‍റ കഥ പറഞ്ഞ ചിത്രമായിരുന്നു 'പ്രേമലു'. യുവത്വത്തിന്‍റെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയ ഈ ചിത്രം ഗിരീഷ് എഡി ആണ് സംവിധാനം ചെയ്‌തത്. നസ്‍ലനും മമിത ബൈജുവുമാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഒപ്പം സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരും തിയേറ്ററുകളിൽ കയ്യടി വാരിക്കൂട്ടി. കൂടാതെ അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ, മാത്യു തോമസ്, ശ്യാം പുഷ്‌കരൻ എന്നിവരും ശ്രദ്ധ നേടി.
'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത 'പ്രേമലു' ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നാണ് നിർമിച്ചത്. ആദ്യ ദിനത്തിൽ 90 ലക്ഷം രൂപ മാത്രം കളക്‌ട് ചെയ്‌ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ ചരിത്രം സൃഷ്‌ടിക്കുന്നതിനാണ് ഏവരും സാക്ഷ്യം വഹിച്ചത്. തെലുഗു, തമിഴ് ഭാഷകളിലേക്കും ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.
തെലുഗു ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡും 'പ്രേമലു'വിന്‍റെ പേരിലായി. 'പുലിമുരുക'നെ പിന്നിലാക്കിയാണ് 'പ്രേമലു'വിന്‍റെ നേട്ടം. ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്‍റെ തെലുഗു വിതരണാവകാശം സ്വന്തമാക്കിയത്.
അതേസമയം പ്രേമലു'വിന്‍റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്സ് നേടിയത് ഡിഎംകെ നേതാവും അഭിനേതാവും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മുവീസാണ്. 'ബീസ്റ്റ്', 'വിക്രം', 'പൊന്നിയിന്‍ സെല്‍വന്‍', 'വാരിസ്', 'തുനിവ്' തുടങ്ങിയ വമ്പന്‍ സിനിമകളുടെ വിതരണക്കാരായ റെഡ് ജയന്‍റ് മുവീസ് ഒരു മലയാള സിനിമയുടെ തമിഴ് പതിപ്പിന്‍റെ വിതരണം ഏറ്റെടുക്കുന്നത് ആദ്യമായിട്ടായിരുന്നു.