നാച്ചുറൽ സ്റ്റാർ നാനി നായകനായി പുതിയ ചിത്രം വരുന്നു. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നാനി കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നാനിയുടെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്.
നാനിയുടെ കരിയറിലെ 32-ാമത്തെ സിനിമയാണിത്. 'നാനി32' (Nani 32) എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമ ഡിവിവി എൻ്റർടെയിൻമെൻസാണ് നിർമിക്കുന്നത്. ഏതായാലും പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നതോടെ നാനി ആരാധകരും ഏറെ ആവേശത്തിലാണ് (Nanis next film with Sujeeth).
"അക്രമാസക്തനായ ഒരു മനുഷ്യൻ അഹിംസയിലേക്ക് തിരിയുമ്പോൾ അവൻ്റെ ലോകം തലകീഴായി മാറുന്നു"- എന്നതാണ് 'നാനി32'വിന്‍റെ സ്റ്റോറി ലൈൻ. 2025ലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക. സംവിധാനത്തിന് പുറമെ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സുജീത്താണ്.
ഡിവിവി എൻ്റർടെയിൻമെൻസിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് 'നാനി32' നിർമിക്കുന്നത്. നാനി - വിവേക് ആത്രേയ ചിത്രം 'സരിപോദാ ശനിവാരം' നിർമിക്കുന്നതും ഡിവിവി എൻ്റർടെയിൻമെൻസിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ്. കഴിഞ്ഞ ദിവസം നാനിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് 'സരിപോദാ ശനിവാരം' ടീം ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു.
പോസ്റ്ററിനൊപ്പം ചിത്രത്തിന്‍റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മാസ് ആക്ഷൻ രംഗങ്ങളോടെ കളർഫുളായെത്തിയ ടീസർ നാനിയുടെ കഥാപാത്രത്തിന്‍റെ സ്വഭാവവും വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 29ന് 'സരിപോദാ ശനിവാരം' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും.
അതേസമയം സുജീത്ത് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് 'നാനി32'. റൊമാൻ്റിക് കോമഡി ത്രില്ലർ 'റൺ രാജാ റൺ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുഗു സിനിമയിൽ സംവിധായകനായി അരങ്ങേറുന്നത്. പിന്നീട് 2019ൽ പ്രഭാസിനെ നായകനാക്കി 'സാഹോ' എന്ന ചിത്രം സംവിധാനം ചെയ്‌തു. 2003-ൽ പുറത്തിറങ്ങിയ 'സേന'യും സുജീത്ത് സംവിധാനം ചെയ്‌ത ചിത്രമാണ്. സത്യരാജ്, അരവിന്ദ് ആകാശ് എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിലവിൽ പവർ സ്റ്റാർ പവൻ കല്യാൺ നായകനാകുന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സുജീത്ത്. സംവിധാനത്തിന് പുറമെ സുജീത്ത് തന്നെയാണ് 'ഒജി' എന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്. ഈ സിനിമ പൂർത്തിയായതിന് ശേഷമാകും നാനിയുമായി ഇദ്ദേഹം കൈകോർക്കുക. പിആർഒ : ശബരി.
ALSO READ: നാച്ചുറൽ സ്റ്റാർ നാനിക്ക് പിറന്നാൾ ആശംസകൾ ; സ്പെഷ്യൽ ടീസർ പുറത്തിറക്കി ടീം 'സരിപോദാ ശനിവാരം'