സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമ രംഗത്ത് നിന്നും ഫഹദ് ഫാസില്‍, നസ്രിയ, ജയറാമും കുടുംബവും, സംഗീത സംവിധായകന്‍ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹ വേളയില്‍ വച്ച് സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ ഏതാനും പൊതു ചടങ്ങുകളില്‍ സുഷിനും ഉത്തരയും ഒന്നിച്ചെത്തിയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായൊരിടം സ്വന്തമാക്കിയ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. ദീപക് ദേവിനൊപ്പം പ്രോഗാമറായാണ് സുഷിന്‍ തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. ശേഷം 'കിസ്‌മത്ത്', 'കുമ്പളങ്ങി നൈറ്റ്‌സ്', 'കുറുപ്പ്', 'ഭീഷ്‌മപര്‍വ്വം', 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ആവേശം', 'ബോഗയ്‌ന്‍വില്ല' തുടങ്ങി നിരവധി സിനിമകള്‍ക്ക് സുഷിന്‍ സംഗീതം ഒരുക്കി.
സംഗീത സംവിധായകന് പുറമെ ഗായകന്‍ കൂടിയാണ് സുഷിന്‍. 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി', 'കുമ്പളങ്ങി നൈറ്റ്‌സ്', 'റോസാപ്പൂ', 'സപ്‌തമ ശ്രീ തസ്‌ക്കരാ' തുടങ്ങി ചിത്രങ്ങളില്‍ സുഷിന്‍ പാടിയിട്ടുമുണ്ട്.
അടുത്തിടെ താന്‍ ചെറിയൊരു ഇടവേള എടുക്കുന്നതായി സുഷിന്‍ അറിയിച്ചിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുഷിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ തന്‍റെ അവസാന ചിത്രമായിരിക്കും 'ബോഗയ്‌ന്‍വില്ല' എന്നും സുഷിന്‍ ശ്യാം പറഞ്ഞു.
"ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്". -ഇപ്രകാരമാണ് സുഷിൻ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
Also READ: ശോഭിത ധൂലിപാല -നാഗ ചൈതന്യ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം; മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് താരം