മുംബൈ: മദ്യപിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും മർദിച്ചതിനും നടി രവീണ ടണ്ടനെതിരെ ഖാർ പൊലീസിൽ ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്ന് മുംബൈ പൊലീസ്. പരാതിക്കാരി വീഡിയോയിൽ ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെന്നും, സംഭവ സ്ഥലത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും തങ്ങൾ പരിശോധിച്ചുവെന്നും ഡിസിപി രാജ്‌തിലക് റോഷൻ പറഞ്ഞു. നടിയും ഡ്രൈവറും മദ്യപിച്ചിട്ടുണ്ടെന്ന ആരോപണങ്ങളും പൊലീസ് തള്ളിക്കളഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല, വാഹനങ്ങൾ കൂട്ടിയിടിച്ചിട്ടില്ല, ഒരു ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവ സ്ഥലത്തെത്തിയ രവീണയെ ആൾക്കൂട്ടം അധിക്ഷേപിച്ചിരുന്നു. രവീണ ടണ്ടനും ഡ്രൈവറും ഖാർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. എന്നാല്‍ പരാതികളൊന്നും രജിസ്‌റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും കത്ത് നൽകി എന്നും ഡിസിപി രാജ്‌തിലക് റോഷൻ വിശദീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നടി മദ്യപിച്ചിരുന്നില്ലെന്നും ഡിസിപി രാജ്‌തിലക് റോഷൻ പറഞ്ഞു.
ടണ്ടൻ്റെ ഡ്രൈവർ കാർ പാർക്ക് ചെയ്യാനായി റിവേഴ്‌സ് എടുക്കുകയായിരുന്നു. കാര്‍ തങ്ങളെ ഇടിക്കാന്‍ വരികയാണെന്ന് തോന്നിയ കുടുംബത്തിലെ അംഗങ്ങളാണ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ടണ്ടൻ്റെ ജീവനക്കാരനെ ചോദ്യം ചെയ്‌തു. പരാതിക്കാരിയുടെ കുടുംബവും കാർ ഡ്രൈവറും തമ്മിലുണ്ടായ തർക്കം രൂക്ഷമായപ്പോൾ രവീണ സംഭവസ്ഥലത്തെത്തി തൻ്റെ ഡ്രൈവറോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ജനക്കൂട്ടത്തിൽ നിന്ന് അയാളെ രക്ഷിക്കാൻ ശ്രമിക്കുകയുമാണ് ചെയ്‌തത്.
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രവീണ ടണ്ടൻ ആളുകളോട് ശാന്തരാകാൻ അഭ്യർത്ഥിക്കുകയും തന്നെ തല്ലരുതെന്ന് പറയുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ രവീണയ്‌ക്കെതിരെ തെറ്റായ റിപ്പോർട്ടാണ് നൽകിയതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായതായും പൊലീസ് പറഞ്ഞു.