മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എല്‍360'. മോഹന്‍ലാല്‍ നായകനാകുന്ന 360-ാമത് ചിത്രം ആയതിനാലാണ് സിനിമയ്‌ക്ക് താല്‍ക്കാലികമായി 'L360' എന്ന് പേരിട്ടിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് സിനിമയുടെ നിര്‍മ്മാണം.
സിനിമയുടെ അവസാനഘട്ട ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ചെന്നൈയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് പ്ലാന്‍ ചെയ്‌തിരിക്കുന്നതെന്ന് നിര്‍മ്മാതാവായ എം രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിലെ അതിനിര്‍ണ്ണായകമായ ചില രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്.
മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം പാലക്കാട് വാളയാറിലേക്കാകും യൂണിറ്റ് ഷിഫ്റ്റ് ചെയ്യുക. ഒരാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. കമ്പം, തേനി ഭാഗത്താണ് പിന്നീടുള്ള ചിത്രീകരണം. ഇതിന് ശേഷം സിനിമയുടെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തി ചിത്രീകരണം പൂര്‍ത്തിയാക്കും.
റാന്നിയാണ് സിനിമയുടെ മറ്റൊരു ലൊക്കേഷന്‍. 25 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളോടെ ചിത്രീകരണം പൂര്‍ത്തിയാകും. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള നിര്‍ണ്ണായകമായ രംഗങ്ങളാണ് ഈ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 110 ദിവസത്തോളം നീണ്ടുനില്‍ക്കുന്നതാണ് സിനിമയുടെ ചിത്രീകരണം.
ഒരു ഫാമിലി ആക്ഷന്‍ ഡ്രാമ ജോണറിലായാണ് തരുണ്‍ മൂര്‍ത്തി 'L360' ഒരുക്കിയിരിക്കുന്നത്. വന്‍ മുതല്‍ മുടക്കില്‍ വിശാലമായ ക്യാന്‍വാസില്‍ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രം റിലീസിനെത്തുക. സമീപകാല മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
ശോഭന ഒരിടവേളയ്‌ക്ക് ശേഷം ഈ സിനിമയിലൂടെ നായികയായി തിരികെയെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്. സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. സാധാരണക്കാരുടെ ജീവിത സമൂഹവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, അര്‍ഷ ബൈജു, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, ഇര്‍ഷാദ്, ബിനു പപ്പു, നന്ദു, പ്രകാശ് വര്‍മ്മ, അരവിന്ദ് എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
കെആര്‍ സുനിലിന്‍റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും, കെആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജികുമാര്‍ ഛായാഗ്രഹണവും നിഷാദ് യൂസഫ് ചിത്രസംയോജനവും നിര്‍വ്വഹിക്കും.
കലാ സംവിധാനം - ഗോകുല്‍ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈന്‍ - സമീറ സനീഷ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.