ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ബറോസ്'. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
'ബറോസി'ന്‍റെ റിലീസ് തീയതി സ്ഥിരീകരിച്ച് പുതിയ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുകയാണ് താരം. മോഹന്‍ലാലും വിദേശ താരങ്ങളും അടങ്ങുന്നതാണ് 'ബറോസ്' പുതിയ പോസ്‌റ്റര്‍. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
"ബറോസ് 3Dയുടെ മാന്ത്രികത കണ്ടെത്തൂ.. നിധികളുടെ കാവൽക്കാരൻ! ഈ ഡിസംബർ 25ന് ക്രസ്‌മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ. യാത്ര ആരംഭിക്കട്ടെ!"-ഇപ്രകാരമാണ് മോഹന്‍ലാല്‍ കുറിച്ചത്. ബറോസ് 3D, ബറോസ്, ഡിസംബര്‍ 25 എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് മോഹന്‍ലാല്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ 'ബറോസ്' പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചു. നിരവധി രസകരമായ കമന്‍റുകളും പോസ്‌റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ മലയാളം ഇൻഡസ്ട്രി ലോകത്ത് അറിയപ്പെടാൻ വേണ്ടി പുതിയ പരീക്ഷണങ്ങൾക്കായി ശ്രമിക്കുകയും അതിനെ വിജയത്തിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു നടനാണ് മോഹന്‍ലാല്‍. എത്ര താഴേക്ക് പോയലും അതിന്‍റെ ഇരട്ടിയുടെ ഇരട്ടി തിരിച്ച് ഉയർന്നു വരുന്ന ആളാണ് ലാലേട്ടൻ ദ ലെജന്‍റ്" -ഇപ്രകാരമാണ് ഒരാളുടെ കമന്‍റ്.
"ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രം കണ്ടപ്പോൾ കൂടെ കൂടിയതായിരുന്നു നിങ്ങളോടൊപ്പം... പക്ഷേ വഴിയിൽ നിങ്ങൾ നരസിംഹമായി... പുലിമുരുഗൻ ആയി മാറുന്നതൊക്കെ നോക്കിക്കണ്ട് നിന്നു... ആദ്യമായി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുക്കിയ മഹാത്‌ഭുതം, കൂടെ ലാലേട്ടന്‍റെ എന്നൊരു അൻപോട് കാണും... ഞങ്ങൾ നിരാശരാവില്ലെന്നത് ലാലേട്ടന്‍റെ ഉറപ്പായി കാണും... ആശംസകൾ.." -മറ്റൊരു ആരാധകന്‍റെ കമന്‍റ് ഇപ്രകാരമായിരുന്നു.
"ലോക സിനിമയില്‍ ശ്രദ്ധക്കപ്പെടും ബറോസ്... ആശംസകള്‍", "ആദ്യ 500 കോടി മലയാളം ചിത്രം, നിങ്ങളുടെ ദൃശ്യ വിസ്‌മയത്തിന് ആശംസകൾ", "മഞ്ഞിൽ വിരിഞ്ഞ നായകൻ... മഞ്ഞിൽ വിരിഞ്ഞ സംവിധായാകാൻ ആകുന്നു", "കിരീടവും ചെങ്കോലും ഇല്ലാത്ത ഒരേയൊരു രാജാവ്."-അങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.
അടുത്തിടെ പുറത്തിറങ്ങിയ 'ബറോസി'ന്‍റെ 3 ഡി ഓണ്‍ലൈന്‍ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നേരത്തെ സൂര്യയുടെ 'കങ്കുവ' റിലീസിനൊപ്പം 'ബറോസ്' ട്രെയിലര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്‌തിരുന്നു.
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തില്‍ 'ബറോസ്' എന്ന ടൈറ്റില്‍ കഥാപാത്രത്തില്‍ എത്തുന്നതും മോഹന്‍ലാലാണ്. ഒരു ഫാന്‍റസി ചിത്രമാണ് 'ബറോസ്'. പോർച്ചുഗൽ നാടോടി കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ബറോസി'ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ബറോസ്'.
Also Read: റിലീസിന് മുമ്പേ ബറോസ് കഥ വെളിപ്പെടുത്തി മോഹന്‍ലാല്‍? - Mohanlal reveal Barroz story