മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാന അരങ്ങേറ്റമായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ (Empuraan). ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019ലാണ് ചിത്രം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ചിത്രീകരണമുള്ള സിനിമയുടെ യുഎസ് ഷെഡ്യൂള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരിക്കുകയാണ് (Mohanlal Shares new pic). എമ്പുരാൻ ഷൂട്ടിംഗ് പല രാജ്യങ്ങളിലായി നടക്കുന്ന സാഹചര്യത്തിൽ ഇത് സെറ്റിലെ ചിത്രം ആണോ എന്നാണ് ആരാധരുടെ സംശയം.
എമ്പുരാനിലെ മോഹന്‍ലാല്‍ കഥാപാത്രമായ ഖുറേഷി അബ്രാമിന്‍റെ (khureshi abram) ഗെറ്റപ്പിലുള്ള ചിത്രമാണ് മോഹന്‍ലാല്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. പിന്തിരിഞ്ഞ് തോളുചരിച്ച് നടന്നുപോകുന്ന മട്ടിലുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.
കറുപ്പ് നിറത്തിലെ ജാക്കറ്റും കാക്കി പാന്‍റ്സും കാന്‍വാസ് ഷൂസുമാണ് ചിത്രത്തിലെ വേഷം. ഇടത് കൈയില്‍ ഒരു ലെതര്‍ ബാഗും കാണാം. പശ്ചാത്തലത്തിലുള്ള സ്ക്രീനില്‍ വിവിധതരം തോക്കുകളുടെ ചിത്രങ്ങളുമുണ്ട്. എന്നാല്‍ ഒരു വാക്ക് പോലും ക്യാപ്‌ഷൻ കുറിക്കാതെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുകൈയും നീട്ടി ആരാധകർ ചിത്രം സ്വീകരിച്ചു. ഇതിന് മുൻപും ചിത്രത്തിന്‍റേതായി പുറത്തുവരുന്ന അപ്‌ഡേഷനുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ (lucifer movie). മുരളി ഗോപിയുടേതായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയക്കാരനായും, ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമായാണ് മോഹൻലാൽ സ്‌ക്രീനിൽ എത്തിയത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാകും എമ്പുരാൻ എന്നാണ് റിപ്പോർട്ട്.
എമ്പുരാൻ എന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത് മുതല്‍ ആരാധകർ അന്വേഷിച്ചത് ആ വാക്കിന്‍റെ അർഥമെന്താണെന്നുള്ളതാണ്. എമ്പുരാൻ എന്ന വാക്കിനർഥം പൃഥ്വി തന്നെ വ്യക്തമാക്കിയിരുന്നു. 'രാജാവിനെക്കാൾ മുകളില്‍, എന്നാല്‍ ദൈവത്തിനും താഴെ' എന്നാണ് പൃഥ്വി പറഞ്ഞത്. 'തമ്പുരാന്‍റെയും ദൈവത്തിന്‍റെയും ഇടയിലുള്ള ഒരു അസ്‌തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. എന്നതാണ് അതിന്‍റെ ശരിയായ അര്‍ഥം,' പൃഥ്വി വ്യക്തമാക്കി.