ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിേലേക്ക്. റീ റിലീസ് ചെയ്‌ത് ആറ് ആഴ്‌ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നു. മറ്റ് ഭാഷ ചിത്രങ്ങൾ അടക്കമുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷനെ ചിത്രം ഇതിനോടകം പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന് പുറേമേ ജി.സി.സി, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്‌തിരുന്നു.
കാലാതീതമായ വിജയത്തിന്‍റെ മധുരത്തിലാണ് ചിത്രത്തിന്‍റെ താരങ്ങളും അണിയറ പ്രവർത്തകരും. ലോക സിനിമകളോട് കിടപിടിക്കുന്ന തരത്തിലാണ് 2000ൽ ദേവദൂതൻ റിലീസ് ചെയ്‌തത്. എന്നാൽ ചിത്രം അക്കാലത്ത് വലിയ പരാജയമായിരുന്നു. പിന്നീട് കൽട്ട് ക്ലാസിക് ആയി പ്രേക്ഷകർ ദൈവദൂതനെ അംഗീകരിച്ചു. 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ചിത്രം തീയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരിക്കുകയാണ്.
നിറ സദസിൽ പ്രദർശനങ്ങൾ നടക്കുന്ന "ദേവദൂതൻ" ഒരു വിസ്‌മയമായി തുടരുകയാണ്. കൊവിഡ് കാലത്തായിരുന്നു ദേവദൂതന്‍റെ 4k റീ മാസ്റ്ററിങ് വർക്കുകൾ ആരംഭിച്ചത്. തുടർന്ന് യൂട്യൂബിൽ റിലീസ് ചെയ്‌ത് റീമാസ്‌റ്റര്‍ വേർഷന് ജനപിന്തുണ ഏറിയതോടെയാണ് റീ റിലീസ് എന്ന ചിന്തയിലേക്ക് അണിയറ പ്രവർത്തകർ എത്തി ചേർന്നത്. തുടർന്ന് ദേവദൂതൻ വീണ്ടും തിയേറ്ററിൽ എത്തിക്കാൻ നിർമാതാക്കളായ കൊക്കേഴ്‌സ് ഫിലിംസ് 'ഹൈസ്‌റ്റുഡിയോസ്' എന്ന സ്ഥാപനവുമായി കൈകോർത്തു. തുടർന്ന് 4K ഡോൾബി അറ്റ്മാസ്‌ലേക്ക് ചിത്രത്തെ റിമാസ്റ്റർ ചെയ്യുന്നു .
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിബി മലയിൽ സംവിധാനം ചെയ്‌ത് ഹൊററും മിസ്‌റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ഈ ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. കോക്കേഴ്‌സ് ഫിലിംസിന്‍റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്‍റെ നിർമാണം. സന്തോഷ് .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്‍റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, ജയചന്ദ്രൻ, എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.