ശ്രീകുമാർ കൃഷ്‌ണൻ നായർ സംവിധാനം ചെയ്‌ത 'ഓഫാബി' എന്ന സിനിമയ്‌ക്ക് ശേഷം അനിമേറ്റഡ് ക്യാരക്‌ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി' മലയാളത്തിൽ ഒരുങ്ങുന്നു. ഏഷ്യയിലെ ആദ്യ ഹൈബ്രിഡ് ചിത്രമായിരുന്നു വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ലൈവ് ആക്ഷന്‍ ചിത്രം 'ഓഫാബി'. ഇപ്പോഴിതാ 31 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഹൈബ്രിഡ് ചിത്രം കൂടി മലയാളത്തിൽ സംഭവിക്കുകയാണ്.
'ലൗലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. ഫാന്‍റസി കോമഡി ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ പുതിയ പോസ്‌റ്റർ അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മാത്യു തോമസ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നായികയായി ഒരു ഈച്ചയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്യാരക്‌ടറായി എത്തുന്ന ഈച്ചയുടെ അനിമേറ്റഡ് സീനുകള്‍ക്ക് 45 മിനിറ്റ് ദൈർഘ്യമുണ്ട്. 51 ദിവസത്തെ ചിത്രീകരണമായിരുന്നു സിനിമയ്‌ക്ക്. എന്നാൽ ഒന്നര വർഷത്തിലേറെയായി സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതായി സംവിധായകൻ ദിലീഷ് കരുണാകരൻ വെളിപ്പെടുത്തി.
സിനിമയുടെ ത്രീഡി കണ്‍വർട്ട് ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും 2025 ജനുവരിയിൽ ചിത്രം തിയേറ്ററുകയിൽ എത്തുമെന്നും സംവിധായകന്‍ അറിയിച്ചു. ഹോളിവുഡിലൊക്കെ അനിമേറ്റഡ് ക്യാരക്‌ടറുകള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമകളിൽ സിനിമാ താരങ്ങൾ തന്നെ അവയ്ക്ക് ശബ്‍ദം കൊടുക്കുന്നത് പോലെ 'ലൗലി'യിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്'.
'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്നതാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ കാണാനാവുക.
മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, ഉണ്ണിമായ, കെപിഎസി ലീല തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തും. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കിരൺ ദാസ് ചിത്രസംയോജനവും നിര്‍വ്വഹിക്കും. വിഷ്‌ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.
വെസ്‌റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയിന്‍മെന്‍റ്‌സിന്‍റെയും ബാനറില്‍ ശരണ്യ സി നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത്. ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടിയും കോസ്റ്റ്യൂം ദീപ്‌തി അനുരാഗും നിര്‍വ്വഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ - ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ - പ്രമോജ് ജി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുരക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്‌സ് - ലിറ്റിൽ ഹിപ്പോ സ്‌റ്റുഡിയോസ്, ക്യാരക്‌ടര്‍ ഡിസൈൻ - അഭിലാഷ്, സൗണ്ട് ഡിസൈൻ - നിക്‌സൺ ജോർജ്ജ്, ഗാനരചന - സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട് - അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി - കലൈ കിങ്സൺ, ഡിഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, പിആർഒ - എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ് - ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, മീഡിയ ഡിസൈൻസ് - ഡ്രിപ്‍വേവ് കളക്‌ടീവ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രര്‍ത്തകര്‍.