മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫിസ് വിജയമായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിച്ചു. ഫെബ്രുവരി 22-ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 73 ദിവസങ്ങൾക്ക് ശേഷമാണ് ഒടിടിയില്‍ എത്തിയത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രംപ്രദർശനം ആരംഭിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ഒടിടിയില്‍ ആസ്വദിക്കാനാവും. അതേസമയം മലയാളത്തിന് പുറമെ ഈ ചിത്രത്തിന്‍റെ തെലുഗു പതിപ്പ് മാത്രമായിരുന്നു തിയേറ്ററുകളില്‍ എത്തിയിരുന്നത്. കൂടുതൽ ഭാഷകളിൽ ചിത്രം എത്തിയതോടെ 'പാൻ ഇന്ത്യൻ' സിനിമാസ്വാദകർ ഏറെ ആവേശത്തിലാണ്.
'ജാന്‍ എ മന്‍' എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്‌ത ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. സര്‍വൈവല്‍ ത്രില്ലര്‍ ജോണറിൽ എത്തിയ ചിത്രം സമാനതകളില്ലാത്ത പ്രകടനമാണ് ബോക്‌സ് ഓഫിസിൽ കാഴ്‌ചവച്ചത്. യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആഗോളതലത്തിൽ, തിയേറ്ററുകളിൽ നിന്നും 200 കോടിയിലേറെയാണ് വാരിക്കൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം അമേരിക്കയിൽ ഒരു മില്യൻ ഡോളർ കലക്ഷൻ (ഏകദേശം 8 കോടി രൂപ) നേടുന്ന ആദ്യ മലയാള സിനിമയായും റെക്കോർഡിട്ടു.
കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും കൊടൈക്കനാലിലെ ഗുണ കേവിലേക്ക് ടൂർ പോകുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ 'മഞ്ഞുമ്മൽ ബോയ്‌സി'ൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, അരുൺ കുര്യൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, സംവിധായകൻ ഖാലിദ് റഹ്‌മാൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പറവ ഫിലിംസിന്‍റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ എന്നിവർ ചേർന്നായിരുന്നു ഈ ചിത്രത്തിന്‍റെ നിർമാണം. ഇതിനിടെ സിനിമ നിർമാണത്തിൽ ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന് കാട്ടി നിർമാണ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് പരാതിയുമായി രംഗത്തിയിരുന്നു. സിവിൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് സിറാജ് നൽകിയ ഹർജിയിൽ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിടുകയും ചെയ്‌തു.
സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചിരിക്കുകയാണ്.
ALSO READ: മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമ്മാതാക്കളുടെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു