അടുത്തിടെയാണ് ഹൈദരാബാദില്‍ 69-ാമത് ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡ് അരങ്ങേറിയത്. ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയത് മലയാളികളുടെ സ്വന്തം മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നൻപകൾ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഫിലിംഫെയര്‍ കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോഴും മമ്മൂട്ടി വാര്‍ത്ത തലക്കെട്ടുകളില്‍ നിറയുകയാണ്. അതിന് കാരണം മമ്മൂട്ടിയുടെ ഷര്‍ട്ടാണ്. ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി ധരിച്ചെത്തിയ ഷര്‍ട്ട് ഫാഷന്‍ പ്രേമികളുടെ കണ്ണിലുടക്കി.
ചലച്ചിത്ര പുരസ്‌കാര വേദികളില്‍ താരങ്ങളുടെ ഔട്ട്‌ഫിറ്റുകളും സ്‌റ്റൈലും പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്യാറുണ്ട്. എന്‍ഡ്‌ലസ് ജോയ് എന്ന ബ്രാന്‍ഡിന്‍റെ ബാങ് ബാങ് എന്ന ഷര്‍ട്ട് ധരിച്ചാണ് മമ്മൂട്ടി ഫിലിംഫെയര്‍ പുരസ്‌കാര വേദിയില്‍ എത്തിയത്.
ഗ്രാഫിക് പ്രിന്‍റോടു കൂടിയ നേവി ബ്ലു-മള്‍ട്ടി കളര്‍ കോമ്പിനേഷനുള്ള ഷര്‍ട്ടാണ് താരം ധരിച്ചിരുന്നത്. മുത്തുകള്‍ കൊണ്ടാണ് ഈ ഷര്‍ട്ടിന്‍റെ ബട്ടണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ഷര്‍ട്ടിന്‍റെ പ്രിന്‍റിന് വെസ്‌റ്റേണ്‍ സ്‌റ്റൈലാണ്. 61,317.92 രൂപയാണ് ഷര്‍ട്ടിന്‍റെ വില. മമ്മൂട്ടിയുടെ ഈ ഷര്‍ട്ടും ഡിസൈനുമൊക്കെ ആരാധകര്‍ക്ക് കൗതുകമായിരിക്കുകയാണ്.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള മമ്മൂട്ടിയുടെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. "ഇത് എന്‍റെ 15-ാമത്തെ ഫിലിംഫെയറാണ്. ഇരട്ടവേഷത്തിലാണ് സിനിമയില്‍ ഞാൻ അഭിനയിച്ചത്. ആ സിനിമ ഞാൻ തന്നെ നിർമ്മിച്ചു. ഇതിന് ഞാൻ എന്‍റെ ടീമിന് നന്ദി പറയുന്നു." -മമ്മൂട്ടി പറഞ്ഞു.
എന്നാൽ, അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടലിൽ വയനാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോള്‍ തനിക്ക് സന്തോഷം പകരാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. "ഇതെനിക്ക് വളരെ സന്തോഷകരമായ നിമിഷമാണ്, പക്ഷേ ഞാൻ അത്ര സന്തോഷവാനല്ല. ജീവൻ നഷ്‌ടപ്പെട്ട വയനാട്ടിലെ എന്‍റെ ജനങ്ങളുടെ കഷ്‌പ്പാടുകളിൽ എനിക്ക് സങ്കടമുണ്ട്. ഈ നിമിഷം ഞാൻ അവരെ ഓർക്കുന്നു. നിങ്ങൾ അവരെ പിന്തുണയ്ക്കുകയും അവരുടെ ജീവിതം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." -മമ്മൂട്ടി പറഞ്ഞു.