ഹൈദരാബാദ്: മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയെയും ഒപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരെയും പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത 'ഭ്രമയുഗം' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഫെബ്രുവരി 15ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം ശ്രദ്ധേയമായ ഓപ്പണിംഗിന് ശേഷം ബോക്‌സ് ഓഫിസിൽ കാര്യമായ നേട്ടമുണ്ടാക്കിയാണ് കുതിക്കുന്നത്. ചിത്രത്തിന്‍റെ ആഗോള വരുമാനം 34 കോടി കവിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ (Mammootty Starrer Bramayugam Box Office Collection).
- " class="align-text-top noRightClick twitterSection" data="">
പ്രവൃത്തി ദിവസങ്ങളിൽ പോലും മികച്ച കലക്ഷനാണ് 'ഭ്രമയുഗം' നേടുന്നത്. പോസിറ്റീവ് റിവ്യൂകളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം ചിത്രത്തിനേറെ ഗുണം ചെയ്‌തുവെന്നാണ് വിലയിരുത്തൽ. ഇൻഡസ്‌ട്രി ട്രാക്കർ സാക്‌നിൽക് പറയുന്നതനുസരിച്ച്, ചൊവ്വാഴ്‌ച (ഫെബ്രുവരി 20) ചിത്രം ഇന്ത്യയിൽ നിന്നും ഏകദേശം 1.4 കോടി രൂപയാണ് നേടിയത് (Bramayugam Box Office Collection Day 6).
മുൻ ദിവസത്തെ വരുമാനത്തേക്കാൾ അൽപം കുറവാണ് ഇതെങ്കിലും ആഭ്യന്തരമായി ഇതുവരെ 15.8 കോടി രൂപയാണ് 'ഭ്രമയുഗം' കൊയ്‌തത്. ആഗോള തലത്തിൽ 6 ദിവസം കൊണ്ട് ഈ ഹൊറർ ത്രില്ലർ 34.05 കോടി സ്വന്തമാക്കി കഴിഞ്ഞു. കേരളത്തിൽ മാത്രം, 768 ഷോകളിലായി 31.35% ഒക്യുപ്പൻസി നിരക്കോടെ ആറാം ദിവസം 1.06 കോടി വരുമാനം 'ഭ്രമയുഗം' നേടി.
മമ്മൂട്ടിയുടെ തന്നെ മുൻ ചിത്രമായ 'കാതൽ - ദി കോർ', ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' എന്നിവയെക്കാളും ആഭ്യന്തര വിപണിയിൽ മികച്ച പ്രകടനമാണ് 'ഭ്രമയുഗം' കാഴ്‌ചവയ്‌ക്കുന്നത്. 'കാതൽ' റിലീസായി ആദ്യ ചൊവ്വാഴ്‌ച ഇന്ത്യയിൽ നിന്നും 60 ലക്ഷം രൂപയാണ് നേടിയത്. 'മലൈക്കോട്ടൈ വാലിബനാ'കട്ടെ 44 ലക്ഷം രൂപയാണ് നേടിയത്.
ഷെയിൻ നിഗം, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത മൂന്നാമെത്തെ സിനിമയാണ് 'ഭ്രമയുഗം'. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിച്ച മലയാള ചിത്രം കൂടിയായിരുന്നു ഇത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് 'ഭ്രമയുഗം' പ്രദർശനത്തിനെത്തിയത്. ഈ സിനിമയുടെ ഒടിടി അവകാശം സോണി ലിവ് ആണ് സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.