താരസംഘടന അമ്മ സംഘടിപ്പിച്ച നൃത്ത ശില്‍പ്പശാലയുടെ സമാപന ചടങ്ങിൽ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും നടനും സംവിധായകനുമായ ബേസിൽ ജോസഫും. സമാപന ചടങ്ങില്‍ ആകര്‍ഷകമായി മമ്മൂട്ടിയുടെയും ബേസില്‍ ജോസഫിന്‍റെയും പ്രസംഗം.
ഇതൊരു നൃത്ത പരിശീലന ക്ലാസ് ആയിരുന്നത് കൊണ്ട് തന്നെ തനിക്ക് വളരെ താല്‍പ്പര്യം ഉണ്ടെന്ന മമ്മൂട്ടിയുടെ വാക്കുകേട്ട് സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരിച്ചു. കാരണം താന്‍ പരിശീലിച്ചിരുന്ന കാലത്ത് ഇതുപോലുള്ള അവസരങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
'രചന നാരായണന്‍കുട്ടിയെ പോലുള്ള ഗുരുക്കന്‍മാര്‍ ഡാന്‍സ് കളിക്കുന്ന സമയത്ത് ആരും കാണാതെ ഒളിച്ചിരുന്ന് കണ്ട് പഠിച്ച ഡാന്‍സ് ആണ് ഞാനൊക്കെ കളിച്ചത്. പുതുതലമുറയ്‌ക്ക് എല്ലാ കാര്യങ്ങള്‍ക്കും അവസരവും വേദികളും ഉണ്ട്. നമുക്കത് കിട്ടിയില്ല. അതിന്‍റെയൊരു ബുദ്ധിമുട്ട് ഞങ്ങള്‍ക്കുണ്ട്. നമുക്കൊക്കെ പറ്റിയത് പോലെ ഇവര്‍ക്ക് പറ്റാതിരിക്കട്ടെ.' -മമ്മൂട്ടി പറഞ്ഞു.
അതേസമയം ചടങ്ങില്‍ മമ്മൂട്ടി പങ്കെടുക്കുന്നുവെന്ന് അറിയാതെയാണ് ബേസില്‍ ജോസഫ് പങ്കെടുക്കാനെത്തിയത്. ബേസില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം തുറന്നു പറഞ്ഞു. 'ഞാന്‍ ആദ്യമായാണ് അമ്മയുടെ ഓഫീസിലേയ്‌ക്ക് വരുന്നത്. ഇപ്പോഴാണ് അംഗത്വം എടുക്കുന്നത്. ഇവിടെ വന്ന് ഇരിക്കുമ്പോള്‍ മമ്മൂക്ക വരുന്നു. എന്നോട് അക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയൊരു സമാപന ചടങ്ങ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഓഫീസില്‍ വന്നപ്പോഴാണ് സിദ്ദിഖ് ഇക്ക പറയുന്നത്, മമ്മൂക്കയും വരുന്നുണ്ട് ഒരു ബലത്തിനെന്ന്. അതിച്ചിരി കൂടുതല്‍ ബലമായി പോയി.' -ബേസില്‍ ജോസഫ് പറഞ്ഞു.
സമാപന ചടങ്ങിൽ അമ്മ അംഗങ്ങളും പങ്കെടുത്തു. മോഹൻലാലാണ് രണ്ട് ദിവസം നീണ്ടുനിന്ന ശില്‍പ്പശാലയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായാണ് മമ്മൂട്ടി എത്തിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസില്‍ ജോസഫും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയാണ് ശിൽപ്പശാലയ്‌ക്ക് നേതൃത്വം നല്‍കിയത്. ചലച്ചിത്ര താരം സരയു കോ-ഓർഡിനേറ്റും ചെയ്‌തു.
ആദ്യമായാണ് അമ്മ ഇത്തരത്തിലൊരു ശില്‍പ്പശാല സംഘടിപ്പിച്ചത്. വർക്ക്‌ഷോപ്പില്‍ ലഭിച്ച അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത 31 പേർ പങ്കെടുത്തു. 12 വയസ് മുതൽ ഉള്ളവർ പങ്കെടുത്ത ഈ ക്യാമ്പിൽ ലണ്ടൻ, ബാംഗ്ലൂർ, ബോംബേ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.