പ്രശസ്‌ത മലയാള സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ഒണ്‍പത് കഥകളെ അടിസ്ഥാനമാക്കി പ്രമുഖ സംവിധായകര്‍ അണിയിച്ചൊരുക്കിയ ആന്തോളജി വെബ് സീരീസാണ് 'മനോരഥങ്ങള്‍'. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്‌റ്റ് 15നാണ് 'മനോരഥങ്ങള്‍' ഒടിടി പ്ലാറ്റ്‌ഫോമായ സീ5ല്‍ റിലീസായത്. ഇപ്പോഴിതാ സ്‌ട്രീമിംഗ് ആരംഭിച്ച് 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 100 ദശലക്ഷത്തിലധികം സ്‌ട്രീമിംഗ് മിനിറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഈ മലയാളം വെബ് സീരീസ്.
മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് മനോരഥങ്ങള്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിലെ ഓരോ കഥയും വ്യത്യസ്‌തമാണ്. ഓരോ ചിത്രവും മറ്റൊന്നിനോട് താരതമ്യം ചെയ്യാനാവാത്ത വിധം വേറിട്ട് നില്‍ക്കുന്ന ദൃശ്യാവിഷ്‌ക്കാരമാണ് 'മനോരഥങ്ങളു'ടെ ഏറ്റവും വലിയ പ്രത്യേകത.
സിനിമ ലോകത്തെ പ്രശസ്‌തരായ സംവിധായകര്‍ അണിയിച്ചൊരുക്കിയ ആന്തോളജിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരന്നത്. പരമ്പരയുടെ ആഖ്യാതാവായി ഉലകനായകന്‍ കമല്‍ ഹാസനും ടീമിന്‍റെ ഭാഗമായിരുന്നു. പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, ജയരാജ്, സന്തോഷ് ശിവന്‍, രഞ്ജിത്ത് തുടങ്ങിയവരാണ് 'മനോരഥങ്ങള്‍' ഒരുക്കിയിരിക്കുന്നത്.
എംടി വാസുദേവന്‍നായരുടെ മകളും പ്രശസ്‌ത നര്‍ത്തകിയുമായ അശ്വതി നായരും ആന്തോളജി സീരീസിന്‍റെ ഭാഗമാണ്. 'വില്‍പ്പന' എന്ന ചെറുകഥയെ ആസ്‌പതമാക്കിയുള്ള ചിത്രമാണ് അശ്വതി സംവിധാനം ചെയ്‌തിരിക്കുന്നത്. മധുബാലയും അശ്വതിയുമാണ് 'വില്‍പ്പന'യില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയത്.
'ഓളവും തീരവും', 'ശിലാലിഖിതം' എന്നീ രണ്ട് ചിത്രങ്ങളാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലും 'ശിലാലിഖിതം' എന്ന ചിത്രത്തില്‍ ബിജു മേനോനുമാണ് നായകന്‍. രഞ്ജിത്ത് ഒരുക്കിയ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്. ശ്രീലങ്കയിലേയ്‌ക്കുള്ള മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രപശ്ചാത്തലം.
ശ്ര്യാമപ്രസാദിന്‍റെ 'കാഴ്‌ച'യില്‍ നായികയായി എത്തിയത് പാര്‍വതി തിരുവോത്താണ്. മഹേഷ് നാരായണന്‍ ഒരുക്കിയ 'ഷെര്‍ലക്കി'ല്‍ ഫഹദ് ഫാസിലാണ് നായകന്‍. ജയരാജ് സംവിധാനം ചെയ്‌ത 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും സുരഭിയുമാണ് വേഷമിട്ടിരിക്കുന്നത്. സന്തോഷ് ശിവയാണ് സിദ്ദീഖ് കേന്ദ്രകഥാപാത്രത്തിലെത്തിയ 'അഭയം തേടി വീണ്ടും' സംവിധാനം ചെയ്‌തത്. ഇന്ദ്രജിത്തും, അപര്‍മ ബാലമുരളി എന്നിവര്‍ വേഷമിട്ട 'കടല്‍കാറ്റ്' രതീഷ് അമ്പാട്ട് ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്.