പനാജി: 55ാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മലയാള ചിത്രങ്ങളും. മലയാളത്തിൽ നിന്നും നാല് സിനിമകളാണ് ഇന്ത്യൻ പനോരമയിൽ ഇടം നേടിയത്. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്‍റെ ആടുജീവിതം, മമ്മൂട്ടി ചിത്രം ഭ്രമയുഗം, ആസിഫ് അലി നായകനായ ലെവൽ ക്രോസ്, ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകളാണ് ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
അതേസമയം തമിഴില്‍ നിന്ന് 'ജിഗര്‍തണ്ട ഡബിള്‍ എക്‌സും' തെലുങ്കില്‍ നിന്ന് 'കല്‍ക്കി 2898 എഡി' എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഇതില്‍ മുഖ്യധാരാ സിനിമ വിഭാഗത്തിലാണ് 'മഞ്ഞുമ്മല്‍ ബോയ്‌സും' 'കല്‍ക്കിയും' പ്രദര്‍ശിപ്പിക്കുക. വിക്രാന്ത് മാസി നായകനായ 12ാമത് 'ഫെയില്‍' എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.
നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള. 25 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. രണ്‍വീര്‍ ഹൂഡ സംവിധാനം ചെയ്‌ത് നായകനായി എത്തിയ 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം.'ഘര്‍ ജൈസാ കുഛ്' ആണ് ഇന്ത്യന്‍ പനോരമയില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉഘ്ടാന ചിത്രം. അതേസമയം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
384 ചിത്രങ്ങളില്‍ നിന്നാണ് 25 ഫീച്ചര്‍ സിനിമകള്‍ തിരഞ്ഞെടുത്തത്. 262 സിനിമകളില്‍ നിന്നാണ് നോണ്‍ ഫീച്ചര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. നടന്‍ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ സിനിമകള്‍ തിരഞ്ഞെടുത്തത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഏഴ് ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
ബ്ലെസി സംവിധാനം ചെയ്‌ത് പൃഥ്വിരാജ് നായകനായ ചിത്രമാണ് ആടുജീവിതം.