കവിയൂര്‍ പൊന്നമ്മയുടെ വിയോഗം, ദു:ഖമുണ്ടെന്ന വാക്കില്‍ ഒതുക്കുന്നില്ലെന്ന് നടന്‍ മധു. പൊന്നമ്മയുടെ അസുഖം മൂര്‍ച്‌ച്ഛിച്ചതായി അറിഞ്ഞിരുന്നെന്നും എന്നാല്‍ ഇത്ര വേഗമാകുമെന്ന് കരുതിയില്ലെന്നും മധു. ജീവിതത്തില്‍ ഒരുപാട് വേദനകള്‍ പൊന്നമ്മ സഹിച്ചുവെന്നും മധു പറയുന്നു. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു മധുവിന്‍റെ പ്രതികരണം.
അമ്മയായി മലയാളികളുടെ മനസ്സില്‍ പൊന്നമ്മ എക്കാലവും നിലനില്‍ക്കുമെന്നാണ് മധു പറയുന്നത്. 'സിനിമ ഉള്ളിടത്തോളം കാലം പൊന്നമ്മ ജീവിച്ചിരിക്കും. അധികം ദു:ഖിക്കാതെ പൊന്നമ്മ പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു. 20-ാം വയസ്സില്‍ പൊന്നമ്മ എന്‍റെ അമ്മയായി. ആ പ്രായത്തിലും അമ്മയായി അവര്‍ മലയാളികളെ വിസ്‌മയിപ്പിച്ചു.
ആറന്‍മുള പൊന്നമ്മയ്‌ക്ക് ശേഷം സിനിമ പ്രവര്‍ത്തകരുടെയും മലയാള ചലച്ചിത്ര പ്രേക്ഷകരുടെയും അമ്മയായിരുന്നു കവിയൂര്‍ പൊന്നമ്മ. അരങ്ങില്‍ പേരെടുത്ത ശേഷമാണ് പൊന്നമ്മ അഭ്രപാളികളില്‍ സ്വന്തം പേരെഴുതി ചേര്‍ത്തത്.' -മധു പറഞ്ഞു.
സിനിമയില്‍ എത്തുന്നതിന് മുമ്പേ തനിക്ക് പൊന്നമ്മയെ അറിയാമായിരുന്നുവെന്ന് മധു. 'ഞാന്‍ ഇരട്ട വേഷത്തിലെത്തിയ ഒരു സിനിമയില്‍ പൊന്നമ്മ എന്‍റെ ഭാര്യയായും അമ്മയായും വേഷമിട്ടിരുന്നു. സിനിമയില്‍ എത്തും മുമ്പേ പൊന്നമ്മയെ എനിക്ക് അറിയാമായിരുന്നു. പൊന്നമ്മ അഭിനയിക്കുന്ന നാടകങ്ങള്‍ കാണാന്‍ പോയ ഓര്‍മ്മയുണ്ട്.
പ്രതിഭ ആര്‍ട്‌സിന്‍റെ നാടകങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കെയാണ് കെപിഎസിയിലേയ്‌ക്ക് ക്ഷണം ലഭിക്കുന്നത്. പൊന്നമ്മയെ കരുണാനിധി തമിഴില്‍ അദ്ദേഹത്തിന്‍റെ നാടകങ്ങളിലേയ്‌ക്ക് ക്ഷണിച്ചതായും കേട്ടിട്ടുണ്ട്. മലയാള നാടകവേദി സിനിമയ്‌ക്ക് സമ്മാനിച്ച അസാമാന്യ പ്രതിഭകളുടെ പട്ടികയില്‍ പൊന്നമ്മ ഉണ്ട്.' -മധു കൂട്ടിച്ചേര്‍ത്തു.
ഒരു കുടുംബാംഗത്തെ പോലെയായിരുന്നു പൊന്നമ്മയെന്നും മധു പറഞ്ഞു. 'അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൊന്നമ്മയെ നേരില്‍ കണ്ടത്. നേരത്തെ തിരുവനന്തപുരത്ത് വന്നാല്‍ കാണും. ഇടയ്‌ക്കെല്ലാം ഫോണില്‍ വിവരങ്ങള്‍ തിരക്കിയിരുന്നു. അസുഖം മൂര്‍ച്ഛിച്ചതായി അറിഞ്ഞിരുന്നു. എങ്കിലും ഇത്രവേഗം ആകുമെന്ന് കരുതിയില്ല. പൊന്നമ്മ ജീവിതത്തില്‍ ഒരുപാട് വേദനകള്‍ സഹിച്ചു. എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത സ്ഥിതിയിലൂടെയും കടന്നുപോയി.' -മധു പറഞ്ഞു.