മുംബൈ : ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി നടൻ അക്ഷയ് കുമാർ. മുംബൈയിലെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് നടൻ വോട്ട് ചെയ്‌തത്. ജുഹുവിലെ ഒരു പോളിങ് ബൂത്തിൽ നിന്നുള്ള താരത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
തിങ്കളാഴ്‌ച രാവിലെ 7 മണിയോടെ ബൂത്തിലെത്തിയ താരം വോട്ട് രേഖപ്പെടുത്താൻ ക്യൂവിൽ കാത്തിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വോട്ട് ചെയ്‌തതിന് പിന്നാലെ മഷി പുരട്ടിയ വിരൽ കാണിച്ച് മാധ്യമ പ്രവർത്തകരുമായി താരം സംവദിച്ചു. മുഴുവൻ വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
"എൻ്റെ ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യം മനസിൽ വച്ചാണ് ഞാൻ വോട്ട് ചെയ്‌തത്. ശരിയെന്ന് കരുതുന്ന കാര്യങ്ങൾക്ക് വോട്ട് ചെയ്യണം... വോട്ടർമാരുടെ എണ്ണം നല്ലതായിരി തീരുമെന്ന് കരുതുന്നു"- അക്ഷയ് കുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലായിരുന്നു അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചത്. അതിനുശേഷമുള്ള താരത്തിന്‍റെ ആദ്യ വോട്ടാണിത്. നേരത്തെ കനേഡിയൻ പൗരത്വമായിരുന്നു താരത്തിന്.
അതേസമയം മഹാരാഷ്‌ട്രയിലെ 48 ലോക്‌സഭ സീറ്റുകളിൽ മുംബൈയിലെ ആറ് സീറ്റുകളടക്കം 13 സീറ്റുകളിലേക്ക് തിങ്കളാഴ്‌ച രാവിലെയാണ് പോളിങ് ആരംഭിച്ചത്. 24,553 പോളിങ് സ്റ്റേഷനുകളിൽ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈ നോർത്ത്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ സൗത്ത്, താനെ, കല്യാൺ, ഭിവണ്ടി, പാൽഘർ, നാസിക്, ഡിൻഡോരി, ധൂലെ എന്നീ മണ്ഡലങ്ങളിലായി 264 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2.46 കോടി പേരാണ് ആകെ വോട്ടർമാർ.
അതേസമയം 'ജോളി എൽഎൽബി 3'യാണ് അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം. അർഷാദ് വാർസി, ഹുമ ഖുറേഷി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് 'ജോളി എൽഎൽബി 3' സിനിമയുടെ രാജസ്ഥാൻ ഷെഡ്യൂൾ അക്ഷയ് കുമാർ പൂർത്തിയാക്കിയത്. കൂടാതെ, അർഷാദും അക്ഷയ്‌യും 'വെൽക്കം 3' എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കും. അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2024 ഡിസംബർ 20നാണ് തിയേറ്ററുകളിൽ എത്തുക.
ALSO READ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുത്; രാഹുൽ ഗാന്ധി