മലയാളി സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്‍ജലി മേനോൻ. മികവുറ്റ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അഞ്ജലി മോനോൻ ഇപ്പോഴിതാ പുതിയൊരു തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴിൽ സംവിധായികയായി അരങ്ങേറുകയാണ് അഞ്ജലി.
തന്‍റെ അടുത്ത സിനിമ തമിഴിലാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്നും അഞ്‍ജലി മേനോൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. നമുക്ക് ഒരുമിച്ച് ചേർന്ന് മനോഹരമായൊരു സിനിമ ഒരുക്കാം എന്നും അഞ്‍ജലി മേനോൻ കുറിച്ചു. കെആര്‍ജി സ്റ്റുഡിയോയാണ് 'KRG07' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന, അഞ്ജലിയുടെ ആദ്യ തമിഴ് ചിത്രം നിർമിക്കുന്നത്.
കെആര്‍ജി സ്റ്റുഡിയോയുടെയും തമിഴിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പാണിത്. ഹൃദയസ്‌പർശിയായ പ്രണയകഥ പറയുന്ന ചിത്രമാകും 'KRG07' എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സിനിമയുടെ പ്രമേയം സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകർ ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, സിനിമയിലെ അഭിനേതാക്കളുടെ പേരും വെളിപ്പെടുത്തിയിട്ടില്ല.
'കേരള കഫേ' എന്ന ആന്തോളജിയിലെ 'ഹാപ്പി ജേര്‍ണി' എന്ന ചിത്രത്തിലൂടെയാണ് അഞ്‍ജലി മേനോൻ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. പിന്നീട് 'മഞ്ചാടിക്കുരു' എന്ന ചിത്രവും അഞ്ജലിയുടെ സംവിധാത്തിൽ പുറത്തുവന്നു. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്.
തുടർന്ന് 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'കൂടെ' തുടങ്ങിയ സിനിമകളും അഞ്ജലി മേനോൻ ഒരുക്കി. വണ്ടര്‍ വുമൺ ആണ് അഞ്‍ജലി മേനോന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സോണി ലൈവിലായിരുന്നു ഈ ചിത്രം റിലീസ് ചെയ്‌തത്.
അഞ്‍ജലി മേനോൻ തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയും. മനേഷ് മാധവനായിരുന്നു വണ്ടര്‍ വുമൺ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. നാദിയ മൊയ്‌ദു, നിത്യ മേനൻ, പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്‍മിനി എന്നിവരായിരുന്നു ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ, ഡോ. ഹാനിസ് സലീം, ശ്രീകാന്ത് കെ വിജയൻ, പ്രവീണ്‍ പ്രേംനാഥ്, അജയൻ അടാട്ട്, സന്ദേശ് കുല്‍ക്കര്‍ണി, രമ്യ സര്‍വദാ ദാസ്, പി വി ആകാശ് മഹേഷ്, വൈശാഖ് നായര്‍ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.