തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട ശേഷം, ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് രഹസ്യമായി 129 ഖണ്ഡികകള്‍ വെട്ടിമാറ്റിയെന്ന് ആരോപണമുയരുന്നു. വിവരാവകാശ കമ്മിഷന്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിക്കുകയും പുറത്തു വിടുമെന്ന് സാംസ്‌കാരിക വകുപ്പ് അപേക്ഷകരെ അറിയിക്കുകയും ചെയ്‌ത പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്.
സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ എന്തൊക്കെ ഒഴിവാക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഒഴിവാക്കുന്ന പേജുകളെ സംബന്ധിച്ച വിവരം വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവരെ സാംസ്‌കാരിക വകുപ്പ് അറിയിക്കുകയും ചെയ്‌തു.
എന്നാല്‍ ഇതില്‍ പറയാത്ത 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതായി റിപ്പോര്‍ട്ട് ലഭിച്ച അപേക്ഷകര്‍ കണ്ടെത്തിയത്. 42,43 പേജുകളിലെ 85-ാം ഖണ്ഡികയും 59-79 പേജുകളിലെ 44 കണ്ഡികകളും ഇത്തരത്തില്‍ ഒഴിവാക്കുമെന്നുമാണ് സാംസ്‌കാരിക വകുപ്പ് അറിയിച്ചത്. എന്നാല്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.
മലയാള സിനിമയിലെ ഉന്നതരുടെ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങളടങ്ങിയ പേജുകളാണ് ഇതിലൂടെ ഒഴിവാക്കിയതെന്ന ആരോപണമാണ് ഉയരുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കാനാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. സര്‍ക്കാരിന്‍റെ ഈ നടപടിക്കെതിരെ വിവരാവകാശ അപേക്ഷകര്‍ വീണ്ടും വിവരാവകാശ കമ്മിഷനെ സമീപിച്ചു.
അതേസമയം ഒഴിവാക്കുമെന്ന് അറിയിച്ചിരുന്ന 93-ാം ഖണ്ഡിക അബദ്ധത്തില്‍ സാംസ്‌കാരിക വകുപ്പ് പുറത്തുവിടുകയും ചെയ്‌തു. സിനിമ വ്യവസായത്തിലെ പ്രധാന ആളുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന തെളിവുണ്ടെന്നാണ് 93-ാം ഖണ്ഡിക പറയുന്നത്.