സമകാലിക ഇന്ത്യന്‍ സിനിമയില്‍ അടുത്തിടെ ഏറ്റവും ഉയര്‍ന്നു കേട്ടിട്ടുള്ള പേരാണ് പായല്‍ കപാഡിയയുടേത്. ആദ്യ സംവിധാന സംരംഭത്തിന് കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് നേടുന്ന ഏക ഇന്ത്യന്‍ സംവിധായികയാണ് പായല്‍ കപാഡിയ. 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രത്തിലൂടെ പായൽ ഈ ബഹുമതി നേടികൊടുത്തപ്പോള്‍ അന്തർദേശീയ തലത്തിലും ഇന്ത്യൻ സിനിമയുടെ കീര്‍ത്തി ഒന്നുകൂടി ഉയര്‍ന്നു കേട്ടു.
തിരുവനന്തപുരത്ത് നടക്കുന്ന 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്തതിന്‍റെ ആവേശത്തിലാണ് ആ സംവിധായിക. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഉരുക്കു വനിത എന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ പ്രേം കുമാര്‍ കപാഡിയയെ വിശേഷിപ്പിച്ചത്. താന്‍ സംവിധാനം ചെയ്‌ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'(പ്രഭയായ് നിനച്ചതെല്ലാം) പ്രേക്ഷകര്‍ ഏറ്റെടുത്തതിന്‍റെയും അംഗീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് പായല്‍ കപാഡിയ. മേളയിലെ സ്‌പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡും പായല്‍ കപാഡിയയ്ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഇടമൊരുക്കി ചലച്ചിത്രമേള
പ്രേക്ഷകര്‍ പ്രഭയായ് നിനച്ചതെല്ലാം എന്ന ചിത്രത്തെ അംഗീകരിച്ചതില്‍ താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് പായല്‍ കപാഡിയ പറയുന്നു. ഈ സിനിമ നിര്‍മാണത്തില്‍ തനിക്കും തന്‍റെ ടീമിനും ലഭിച്ച എല്ലാ പിന്തുണയ്ക്കും എല്ലാവരോടും കടപ്പെട്ടിരിക്കുകയാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രക്ഷകര്‍ വളരെ പ്രത്യേകതയുള്ളവരാണ്. ഒട്ടേറെ യുവാക്കള്‍ സിനിമ കാണാന്‍ എത്തുന്നത് കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട്. അതിലുപരി സിനിമയെ കുറിച്ച് ആളുകളുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഇത്തരം മേളകള്‍ ഒരുക്കുന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
ഐഎഫ് എഫ് കെയിലെ 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമാണ്. ആദ്യമായാണ് ഐഎഫ്എഫ്കെയില്‍ പങ്കെടുക്കുന്നത്. ഇതിന് മുന്‍പ് താന്‍ ഫീച്ചര്‍ ലെങ്ത് ഫിക്ഷന്‍ സിനിമ ചെയ്‌തിട്ടില്ല. പക്ഷേ ഡോക്യുമെന്‍ററികള്‍ക്കായി ഡോക്യുമെന്‍ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്‌റ്റിവലിന് (ഐഡി എസ്എഫ്എഫ്കെ) വന്നിട്ടുണ്ട്. അതിനാല്‍ ഐഡിഎഫ്എഫ്കെയുമായാണ് കൂടുതല്‍ ബന്ധം. സംവിധായിക പറഞ്ഞു.
ചിത്രത്തിന്‍റെ പേര്
ചിത്രത്തിന്‍റെ തിരക്കഥ എഴുതുമ്പോള്‍ ആ കഥാപാത്രത്തെ പ്രഭ എന്ന് വിളിക്കാന്‍ ആഗ്രഹിച്ചു. കാരണം അതിന്‍റെ അര്‍ത്ഥം വെളിച്ചമാണെന്ന് തനിക്ക് അറിയാമായിരുന്നു. അതിനാല്‍ അത് എങ്ങനെയെങ്കിലും ചിത്രത്തിന്‍റെ പേരില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു. ഭാഷാ സംബന്ധിയായ വിഷയങ്ങളില്‍ തങ്ങള്‍ക്ക് എപ്പോഴും ഉപദേശം നല്‍കുന്ന സംവിധായകന്‍ കമല്‍ കെ എം, തന്‍റെ സഹ എഴുത്തുകാരായ റോബിന്‍ ജോയ് എന്നിവരുടെ സഹായത്തോടെ ഏറെ ആലോചിച്ചതിന് ശേഷമാണ് ഈ പേരിലേക്ക് എത്തിയത്.
മലയാളി പ്രേക്ഷകര്‍ പക്വതയുള്ളവര്‍
തന്‍റെ സിനിമയിലെ നഗ്നരംഗങ്ങള്‍ മാത്രം ചര്‍ച്ചയാക്കുന്നത് ചെറിയൊരു വിഭാഗം മാത്രമാണ്. മലയാളി പ്രേക്ഷകര്‍ ഭൂരിഭാഗവും പക്വതയുള്ള ആസ്വാദകരാണ്. അത്തരം രംഗങ്ങളെ സിനിമയേക്കാള്‍ ആഘോഷിച്ചത് ചെറിയ ശതമാനം ആളുകളാണ്. എന്നാല്‍ സിനിമയെ ഗൗരവമായി എടുക്കുന്ന മലയാളി പ്രേക്ഷകര്‍ അത്തരം കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും താന്‍ വിശ്വസിക്കുന്നു. പരമ്പരാഗതമായ സദാചാരങ്ങളും ആധുനിക ചിന്തയും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമ മുന്നോട്ടു വയ്‌ക്കുന്ന ആശയം. അതുപോലെ തന്നെയാണ് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും മീറ്റ് ദ ഡയറക്‌ടേഴ്‌സില്‍ പായല്‍ കപാഡിയ പറഞ്ഞു.
കാഴ്‌ചപ്പാടുകളിലെ മാറ്റം
ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 172 സിനിമകളില്‍ 52 എണ്ണം വനിതാ സംവിധായകരുടേതാണ്. ഫെസ്‌റ്റിവല്‍ ക്യൂറേറ്ററും (ഗോള്‍ഡ സെല്ലം) ജൂറി ചെയര്‍പേഴ്‌സണ്‍( ആഗ്നസ് ഗൊദാര്‍ദ്) ഉള്‍പ്പെട്ടവര്‍ വനിതകളാണെന്നതും വലിയ പ്രചോദനമാണ് നല്‍കുന്നത്. ഇത്തരമൊരു മാറ്റത്തിനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. സെലക്ഷന്‍ കമ്മിറ്റിയിലും ജൂറിയിലും ലിംഗ- ജാതി പ്രാതിനിധ്യമുണ്ടായല്‍ തന്നെ കാഴ്‌ചപ്പാടുകളിലും മാറ്റുമുണ്ടാകുമെന്ന് സംവിധായിക പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ലഭിക്കുന്ന അംഗീകാരങ്ങള്‍ ഒരുതരത്തിലും തനിക്ക് സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് പായല്‍ പറയുന്നു. സത്യത്തില്‍ പല പുരസ്‌കാരങ്ങളും അത് ലഭിക്കുമ്പോഴാണ് താന്‍ അറിയുന്നത് തന്നെ. അവ ഓരോന്നും നല്‍കുന്നത് പുതിയ പാഠങ്ങളാണ്. മാത്രമല്ല അത് മറ്റ് രാജ്യങ്ങളിലെ സിനിമയുടെ വിതരണത്തേയും വലിയ തോതില്‍ സഹായിക്കുന്നുണ്ട്. പുരസ്‌കാരങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കും. അതല്ലെങ്കില്‍ അവിടുത്തെ താരങ്ങളുടെ ചിത്രത്തിനൊപ്പം നമുക്ക് പിടിച്ച് നില്‍ക്കാനാവില്ല. ഒരപറ്റം നല്ല സിനിമാ പ്രേമികളെ കണ്ടതിന്‍റെ സന്തോഷത്തിലും തന്‍റെ സിനിമ അവര്‍ ഏറ്റെടുത്തതിന്‍റെ സംതൃപ്‌തിയിലും പായല്‍ കപാഡിയ പറഞ്ഞു നിര്‍ത്തി.