നടി കീര്‍ത്തി സുരേഷിന്‍റെ വിവാഹ തീയതിയില്‍ സ്ഥിരീകരണം. ഡിസംബര്‍ 12ന് ഗോവയില്‍ വച്ച് കീര്‍ത്തിയുടെ വിവാഹം നടക്കും. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം. ബാല്യകാല സുഹൃത്തും കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍റണി തട്ടിലാണ് വരന്‍.
രണ്ട് മതാചാരപ്രകാരം രണ്ട് ചടങ്ങുകളിലായാകും വിവാഹം നടക്കുക. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ് നടക്കുക. വിവാഹത്തില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്ക് പ്രത്യേക ഡ്രസ് കോഡുണ്ട്.
കീര്‍ത്തിയുടെ വിവാഹക്കത്തും പുറത്തുവിട്ടിട്ടുണ്ട്. സ്വകാര്യ ചടങ്ങായാകും വിവാഹം നടക്കുകയെന്നും ഏവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും കത്തില്‍ പറയുന്നുണ്ട്.
അടുത്തിടെയാണ് കീര്‍ത്തി സുരേഷ് തന്‍റെ ഭാവി വരനെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. "15 വര്‍ഷം, സ്‌റ്റില്‍ കൗണ്ടിംഗ്. അത് എക്കാലവും അങ്ങനെ തന്നെ" -എന്ന് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ച് കൊണ്ട് ആന്‍റണി തട്ടിലിനൊപ്പമുള്ള ചിത്രം കീര്‍ത്തി പങ്കുവയ്‌ക്കുകയായിരുന്നു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കീര്‍ത്തി സുരേഷും ആന്‍റണിയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചുള്ള സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കീര്‍ത്തിയും ആന്‍ണി തട്ടിലും ദീര്‍ഘകാലമായി പ്രണയത്തിലാണെന്ന വാര്‍ത്ത വളരെ അദ്‌ഭുതത്തോടെയാണ് ആരാധകര്‍ കേട്ടത്. എഞ്ചിനിയര്‍ ആയിരുന്ന ആന്‍റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്‍റെ ഉടയാണ് ആന്‍റണി.
നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി സുരേഷ്. നേരത്തെ വിവാഹത്തിന് മുന്നോടിയായി കീര്‍ത്തി കുടംബസമേതം ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലാണ് അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി എന്നിവര്‍ക്കൊപ്പം കീര്‍ത്തി എത്തിയത്.
മോഹലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി പിന്നീട് തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ചേക്കേറുകയായിരുന്നു.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രം 'മഹാനടി' ആണ് കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായത്. 'മഹാനടി'യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിയ്‌ക്ക് ലഭിച്ചിരുന്നു.
'ബേബി ജോണ്‍' ആണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. 'ബേബി ജോണി'ലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Also Read: വിവാഹത്തിന് മുന്നേ അമ്പലത്തില്‍; തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി കീര്‍ത്തിയും കുടുംബവും