അമിതാഭ് ബച്ചന്‍ അവതാരകനാകുന്ന പ്രശസ്‌ത ടെലിവിഷൻ റിയാലിറ്റി ഷോ കോൻ ബനേഗ ക്രോർപതിയുടെ സീസൺ 16ന് തുടക്കം കുറിക്കുന്നു. റിയാലിറ്റി ഷോയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഇടവേളയ്‌ക്ക് ശേഷം പുതിയ സീസണിൽ തിരിച്ചെത്തുന്ന താരം ആരാധകർക്കായി സെറ്റിൽ നിന്നുള്ള തന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുകയാണ്. പരിപാടിയുടെ അവതാരകനായ താരം 'ടി 5082-ബാക്ക് ടു കെബിസി 16-ാം സീസൺ' എന്ന ക്യാപ്‌ഷനോടെയാണ് എക്‌സിൽ ചിത്രം പങ്കുവച്ചത്.
പുതിയ സീസണിലേക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്യുന്ന കൈകൾ വിടർത്തി നിൽക്കുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചന്‍ എക്‌സിൽ പങ്കിട്ടത്. ത്രീ പീസ് ബ്ലാക്ക് സ്യൂട്ട് ആണ് വേഷം. ക്രോർപതിയുടെ പുതിയ സീസൺ ആരംഭിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. അദ്ദേഹത്തിന്‍റെ പോസ്റ്റിന് പിന്നാലെ പ്രശംസയുമായി അനേകം ആരാധകർ കമന്‍റ് ബോക്‌സ് നിറച്ചിരുന്നു.
വരുന്ന ഓഗസ്റ്റ് 12ന് രാത്രി 9 മണിക്ക് ക്രോർപതിയുടെ സീസൺ 16ന്‍റെ ആദ്യ എപിസോഡ് സോണി ടിവിയിൽ സ്‌ട്രീം ചെയ്യും. തിങ്കൾ മുതൽ വെള്ളി വരെയാണ് സംപ്രേക്ഷണം. 'സിന്ദഗി ഹെ, ഹർ മോഡ് പർ സവാൽ പൂച്ചേഗി, ജവാബ് തോ ദേനാ ഹോഗ!' എന്നതാണ് പുതിയ സീസണിന്‍റെ തീം.