തമിഴകത്തിന്റെ പ്രിയ താരം കാർത്തി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മെയ്യഴകൻ'. '96' എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ പ്രേം കുമാർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും 'മെയ്യഴകൻ' സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്റ്റംബർ 27നാണ് 'മെയ്യഴകൻ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുക. റിലീസ് പ്രഖ്യാപനത്തിനൊപ്പം പുതിയ പോസ്‌റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കുന്നതാണ് ഈ പോസ്‌റ്റർ. അതുകൊണ്ടുതന്നെ ജെല്ലിക്കെട്ട് കേന്ദ്രീകരിച്ചായിരിക്കും ഈ ചിത്രം ഒരുക്കിയതെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
A breezy journey filled with celebratory moments await 🎇
— 2D Entertainment (@2D_ENTPVTLTD) July 17, 2024
Can’t wait for you all to witness the rooted emotions on Sep 27#MeiyazhaganFromSep27#Meiyazhagan@Karthi_Offl @thearvindswami #PremKumar @Suriya_offl #Jyotika @rajsekarpandian #Rajkiran @SDsridivya #Jayaprakash… pic.twitter.com/VMwBzRDf8V
നടൻ കാർത്തിയുടെ 27-ാമത്തെ സിനിമ കൂടിയാണ് 'മെയ്യഴകൻ'. ശ്രീ ദിവ്യയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. 2ഡി എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് 'മെയ്യഴകന്‍റെ' നിർമാണം.
കാർത്തിയുടെ ജന്മദിനം പ്രമാണിച്ച് അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്‌റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. രാജശേഖർ കർപ്പൂര പാണ്ഡ്യൻ ഈ ചിത്രത്തിന്‍റെ സഹ നിർമാതാവാണ്.
അതേസമയം നളൻ കുമാരസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കാർത്തിയാണ് നായകൻ. 'വാ വടിയാർ' എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സത്യരാജും കീർത്തി ഷെട്ടിയും അഭിനയിക്കുന്ന സിനിമ സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ ജ്ഞാനവേൽ രാജയാണ് നിർമിക്കുന്നത്.
ALSO READ: നാടോടി സംഗീതത്തിൻ്റെ ആഘോഷമായി 'മിനിക്കി മിനിക്കി'; 'തങ്കലാനി'ലെ ആദ്യ ഗാനമെത്തി