ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ - ഷങ്കർ കൂട്ടുകെട്ടിന്‍റെ 'ഇന്ത്യൻ 2'. 1996-ൽ പുറത്തിറങ്ങിയ ഷങ്കറിന്‍റെ 'ഇന്ത്യൻ' എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. ഇപ്പോഴിതാ ഈ സിനിമയുടെ പ്രേക്ഷകർ കാത്തിരുന്ന, വമ്പൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
സിനിമയുടെ റിലീസ് സംബന്ധിച്ച സുപ്രധാന അറിയിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ജൂണിൽ 'ഇന്ത്യൻ 2' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ഇന്ത്യൻ 2'. റിലീസ് വിവരം പുറത്തുവന്നതോടെ ആരാധകരും ആഹ്ളാദത്തിലായിരിക്കുകയാണ്.
കമൽ ഹാസൻ അവിസ്‌മരണീയമാക്കിയ 'സേനാപതി' എന്ന കഥാപാത്രത്തിൻ്റെ തിരിച്ചുവരവിനായി കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്. സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്ങ് എന്നിവരാണ് കമൽ ഹാസനൊപ്പം 'ഇന്ത്യൻ 2'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരും ഈ സിനിമയിൽ വേഷമിട്ടിട്ടുണ്ട്.
കമൽ ഹാസന്‍റെ 'സേനാപതി' അവതാരത്തിലുള്ള പോസ്‌റ്റർ പങ്കുവച്ചുകൊണ്ടാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് റിലീസ് വിവരം പുറത്തുവിട്ടത്. 'സേനാപതിയുടെ തിരിച്ചുവരവിനായി തയ്യാറെടുക്കുക! ഇന്ത്യൻ-2 ഈ ജൂണിൽ തിയേറ്ററുകളിൽ കൊടുങ്കാറ്റാകാൻ ഒരുങ്ങുകയാണ്. ഇതിഹാസകഥയെ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തുക!'- ശനിയാഴ്‌ച സമൂഹമ മാധ്യമങ്ങളിൽ പോസ്‌റ്റർ പങ്കുവച്ചുകൊണ്ട് പ്രൊഡക്ഷൻ ഹൗസ് കുറിച്ചു.
ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ, രാജ്‍കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍, റെഡ് ജയന്‍റ് മുവീസിന്‍റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് 200 കോടി മുതൽ മുടക്കിൽ 'ഇന്ത്യൻ 2' നിർമിക്കുന്നത്. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ അച്‌ഛനും നടനുമായ യോഗ് രാജ് സിങ്ങും ഈ സിനിമയിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
2018ല്‍ ആയിരുന്നു ഷങ്കർ 'ഇന്ത്യന്‍ 2' സിനിമയുടെ പ്രഖ്യാപനം നടത്തിയത്. എന്നാൽ പിന്നീട് പല കാരണങ്ങളാല്‍ ചിത്രീകരണം നീളുകയായിരുന്നു. ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കായും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.