സ്‌ക്രീനിൽ ഒരു വില്ലൻ കഥാപാത്രം ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നെന്നും അത്തരത്തിൽ ഒരു റോൾ കിട്ടിയതിൽ സന്തോഷിക്കുന്നുവെന്നും 'കൽക്കി 2898 എഡി'യിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെന്നിന്ത്യൻ താരം കമൽ ഹാസൻ. നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം ജൂൺ 27ന് തിയേറ്ററുകളിലെത്തും. ബോളിവുഡ് താരം ദീപിക പദുക്കോണാണ് ഈ ചിത്രത്തിലെ നായിക. ഒപ്പം അമിതാഭ് ബച്ചനും പ്രഭാസും പ്രധാന റോളിലെത്തുന്നുണ്ട്.
'ചിത്രത്തിൽ 'സുപ്രീം യാസ്‌കിൻ' എന്ന വില്ലൻ കഥാപാത്രത്തെയാണ് കമൽ ഹാസൻ അവതരിപ്പിക്കുന്നത്. സിനിമയിൽ നായകൻ എപ്പോഴും റൊമാന്‍റിക് പാട്ടുപാടി നായികയ്‌ക്കായി കാത്തിരിക്കുകയാവും. പക്ഷേ വില്ലൻ കഥാപാത്രങ്ങൾക്ക് അങ്ങനെയല്ല. വില്ലൻ കഥാപാത്രങ്ങൾക്ക് സിനിമയിൽ കുറേ കാര്യങ്ങൾ ചെയ്യാനുണ്ടാവും. അതിനാൽ എനിക്കും വില്ലൻ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു'വെന്ന് കമൽ ഹാസൻ പറഞ്ഞു.
മോശം സ്വഭാവമുള്ള ഒരു മുനിയുടെ റോളിൽ വില്ലനായി താൻ അഭിനയിക്കുന്നത് വളരെ രസകരമായിരിക്കുമെന്ന് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ താരം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിത്രത്തിൽ തല മൊട്ടയടിച്ച് മറ്റൊരു ലുക്കിലാണ് കമൽ ഹാസനെത്തുന്നത്. ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇതുവരെ ചെയ്യാത്ത ലുക്കിൽ വരാമെന്ന ആശയമാണ് ഇതിന് പിന്നിലെന്ന് താരം പറഞ്ഞു. താനോ മറ്റാരെങ്കിലുമോ മുമ്പ് ചെയ്‌ത കഥാപാത്രങ്ങളുടെ ലുക്ക് പോലെയാവരുതെന്ന് ആശയമുണ്ടായിരുന്നെന്നാണ് താരം പറഞ്ഞത്. സിനിമയുടെ ചിത്രങ്ങളൊന്നും തന്നെ താൻ കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ ആളുകൾ തിരിഞ്ഞ് നോക്കും വിധത്തിൽ സ്വയം വസ്ത്രം ധരിക്കാമെന്ന് താൻ കരുതിയതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ലുക്കില്‍ വേറെ ലെവല്‍: 'കൽക്കി 2898 എഡി'യിൽ ശോഭനയും, ചിത്രം 27ന് തിയേറ്ററുകളിലേക്ക്