നാഗ് അശ്വിൻ - പ്രഭാസ് കൂട്ടുകെട്ടിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' റിലീസിന് എത്തി ആദ്യ ഷോ കഴിയുമ്പോൾ എങ്ങും മികച്ച പ്രേക്ഷക പ്രതികരണമാണ് കേരളത്തിൽ മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ ഗംഭീരം എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ശോഭന എന്നിവരും കൽക്കിയിൽ പ്രധാന വേഷങ്ങളിലുണ്ട്. സിനിമയിലെ താരങ്ങളുടെ പ്രകടനവും വിഎഫ്എക്‌സ് രംഗങ്ങൾ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയ രീതിയും അത്തരം രംഗങ്ങളുടെ ഗുണനിലവാരവുമെല്ലാം പ്രേക്ഷകരെ വല്ലാതെ ആകർഷിക്കുന്നു. കമൽഹാസന്‍റെ വില്ലൻ വേഷം കയ്യടി നേടുന്നുണ്ടെങ്കിലും സിനിമയിലെ താരം അമിതാഭ് ബച്ചൻ തന്നെ എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
കൊച്ചുകുട്ടി മുതൽ മുതിർന്നവർ വരെ താരത്തിന്‍റെ പ്രകടനത്തിന് കൈയ്യടിക്കുന്നുണ്ട്. സ്‌ത്രീ കഥാപാത്രങ്ങളിൽ കയ്യടി നേടുന്നത് ശോഭന തന്നെ. ശോഭനയുടെ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകുന്നത്. സിനിമയിൽ പ്രഭാസ് മികച്ചതാണെങ്കിലും എടുത്തുപറയാൻ തക്കതായി ഒന്നും ഇല്ലെന്നാണ് പ്രേക്ഷക അഭിപ്രായം. സംവിധാന മികവിനും പ്രശംസ ഏറെ ലഭിക്കുന്നുണ്ട്.
ഹിന്ദു മിത്തോളജിയെയും നൂതന ടെക്നോളജിയെയും ഒരുമിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ പ്രേക്ഷകരെ സംതൃപ്‌തിപ്പെടുത്തി എന്നുവേണം പറയാൻ. ദുൽഖർ സൽമാന്‍റെ കാമിയോ വേഷം നല്ലതായിരുന്നു എന്നാണ് അഭിപ്രായം. എങ്കിലും സ്‌ക്രീനിൽ താരത്തിന്‍റെ കഥാപാത്രത്തിന്‍റെ ദൈർഘ്യം കുറഞ്ഞുപോയെന്ന പരാതിയും ഉണ്ട്.
അതേസമയം ചിത്രം ഒട്ടും തന്നെ ഇഷ്‌ടപ്പെടാത്തവരും കൂട്ടത്തിലുണ്ട്. എന്തായാലും ഭൂരിഭാഗത്തിന്‍റെയും അഭിപ്രായം ചിത്രം മികച്ചത് എന്ന് തന്നെ. ഇന്ത്യൻ സിനിമയുടെ 'സ്‌റ്റാർ വാർ' എന്നാണ് 'കൽക്കി'യെ ചിലർ വിശേഷിപ്പിച്ചത്. ഹോളിവുഡ് സിനിമകളുടെ നിലവാരം ചിത്രത്തിനുണ്ടെന്ന് പറയുന്നവരും ഏറെ. ചിത്രത്തിന്‍റെ സംഗീതം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നതാണ് മിക്കവരുടെയും പൊതുപരാതി.
തിരുവനന്തപുരത്ത് കൽക്കിയുടെ ആദ്യ ഷോ കാണാൻ തെലുഗു പ്രേക്ഷകരും എത്തിച്ചേർന്നു. പ്രഭാസിന്‍റെ ആരാധകർ വലിയ ആവേശത്തിൽ ആദ്യ പ്രദർശനത്തിന് ശേഷം സന്തോഷ പ്രകടനം നടത്തി. കനത്ത മഴയിലും ഉച്ചയ്‌ക്കും വൈകുന്നേരവും ഉള്ള ബുക്കിങ് മികച്ചതാണ്.
ALSO READ: സർക്കാരിനെ ചോദ്യം ചെയ്യുന്ന സിനിമകൾ നിർമിക്കുന്നത് എളുപ്പമോ? കമൽ ഹാസന് പറയാനുള്ളത്